യുഎഇയിൽ 5.5ജി കരുത്തിൽ ഇ&, ഡൗൺലോഡ് സ്പീഡ് 4 ജിബിപിഎസ് കടക്കും
ഇന്റർനെറ്റ് വേഗത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഇ& (ഇത്തിസാലാത്). വാണിജ്യപരമായി ലഭ്യമായ സ്മാർട്ട്‌ഫോണുകളിൽ '4-കാരിയർ അഗ്രഗേഷൻ' സാങ്കേതികവിദ്യ വിജയകരമായി വിന്യസിച്ചതോടെ തത്സമയ 5.5ജി നെറ്റ്‌വർക്കിന്റെ കരുത്ത് കമ്പനി വർധിപ്പിച്ചു. ഇതോടെ സപ്പോർട്ട് ചെയ്യുന്ന ഫോണുകളിൽ സെക്കൻഡിൽ 4 ജിഗാ ബൈറ്റിലധികം ഡൗൺലോഡ് വേഗം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ഒരേസമയം നാല് വ്യത്യസ്ത നെറ്റ്‌വർക്ക് ചാനലുകളെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. നാല് ചെറിയ റോഡുകൾ ചേർത്ത് വലിയൊരു എക്സ്പ്രസ് വേ നിർമിക്കുന്നത് പോലെയാണിത്. കൂടുതൽ ബാൻഡ്‌വിഡ്ത്ത് ലഭിക്കുന്നതോടെ ഡൗൺലോഡിങ്ങിനും സ്ട്രീമിങ്ങിനും മുൻപത്തേക്കാൾ വേഗത്തിലാകും. മാളുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ ഇന്റർനെറ്റ് വേഗം കുറയുന്നത് ഒഴിവാക്കാൻ ഈ മാറ്റം സഹായിക്കും.
കൂടുതൽ കവറേജ് നൽകുന്ന എഫ്ഡിഡി ഉയർന്ന ഡാറ്റാ ശേഷിയുള്ള ടിഡിഡി എന്നീ രണ്ട് സ്പെക്ട്രം തരങ്ങളെ സംയോജിപ്പിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതുവഴി വെറും വേഗം മാത്രമല്ല, മൊബൈൽ ഫോണുകളുടെ യഥാർഥ പ്രവർത്തനക്ഷമതയും വർധിക്കും. 8കെ വീഡിയോ സ്ട്രീമിങ്, ക്ലൗഡ് ഗെയിമിങ് തുടങ്ങിയ ഉയർന്ന ഡാറ്റ ആവശ്യമുള്ള സേവനങ്ങൾക്ക് ഇത് വലിയ കരുത്താകും.
