പെരുന്നാൾ അവധി: ദുബായിലെ അറവുശാലകൾക്ക് പുതിയ സമയക്രമം പ്രഖ്യാപിച്ചു
ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായ് എമിറേറ്റിലുടനീളമുള്ള അറവുശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഖിസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ പ്രധാന അറവുശാലകൾക്കാണ് പുതിയ സമയക്രമം ബാധകമാകുന്നത്. പെരുന്നാൾ ദിനങ്ങളിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് താമസക്കാർക്ക് തിരക്കില്ലാതെയും സുഗമമായും സേവനങ്ങൾ ഉറപ്പുവരുത്താനാണ് മുനിസിപ്പാലിറ്റി ഇത്തരമൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ അറിയിപ്പ് പ്രകാരം പെരുന്നാളിന്റെ ആദ്യ അവധി ദിനത്തിൽ രാവിലെ 7:30 മുതൽ ഉച്ചക്ക് 2:00 വരെയാണ് അറവുശാലകൾ പ്രവർത്തിക്കുക. രണ്ടാമത്തെയും മൂന്നാമത്തെയും അവധി ദിനങ്ങളിൽ പ്രവർത്തന സമയം രാവിലെ 7:00 മുതൽ ഉച്ചക്ക് 2:00 വരെയായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ ശുചിത്വ പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അംഗീകൃത അറവുശാലകൾ അല്ലാത്ത സ്ഥലങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു. ഈ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ആപ്പ് വഴിയോ ഹെൽപ്പ് ലൈൻ വഴിയോ ബന്ധപ്പെടാവുന്നതാണ്.
