ശക്തിപ്രാപിച്ച് എൽ നിനോ: യുഎഇയിൽ മഴയ്ക്കും കാറ്റിനും സാധ്യത
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കാലാവസ്ഥ വ്യതിയാനത്തിനും മഴയ്ക്കും പിന്നിൽ നിലവിലെ എൽ നിനോ പ്രതിഭാസമാകാം കാരണമെന്ന് എൻസിഎം കാലാവസ്ഥാ വിദഗ്ധൻ അഹമ്മദ് ഹബീബ് പറഞ്ഞു.ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഫുജൈറയിലെ തവിയീനിലാണ്; ഉച്ചയ്ക്ക് 1.30-ന് ഇവിടെ 49 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഇന്ന് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് വരെയും താഴ്ന്ന താപനില 31 മുതൽ 34 ഡിഗ്രി വരെയും ഉയർന്നേക്കാം. നഗരങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും തീരദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷമായിരിക്കും.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ദിശകളിൽ നിന്ന് കാറ്റ് വീശുമെങ്കിലും മഴമേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിൽ കാറ്റിന്റെ വേഗം 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വരാനിരിക്കുന്ന വാരാന്ത്യത്തിൽ കാലാവസ്ഥ താൽക്കാലികമായി സാധാരണ നിലയിലാകുമെങ്കിലും തിങ്കളാഴ്ചയോടെ കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്. അതിനാൽ മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
