ജയ് വാൻ കാർഡുകൾ ഉപയോഗിച്ച് എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം
യുഎഇയുടെ ദേശീയ കാർഡ് പേയ്‌മെന്റ് ശൃംഖലയായ ‘ജയ് വാൻ’ ഉപയോഗിച്ച് എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള കരാറിൽ എമിറേറ്റ്‌സും അൽ ഇത്തിഹാദ് പേയ്‌മെന്റ്സും ഒപ്പുവച്ചു. എമിറേറ്റ്‌സ് യുഎഇ കമേഴ്‌ഷ്യൽ ഓപറേഷൻസ് വൈസ് പ്രസിഡന്റ് അബ്ദുല്ല അൽ ഒലാമയും അൽ ഇത്തിഹാദ് പേയ്‌മെന്റ്സ് ചീഫ് പ്രൊഡക്ട് ഓഫീസർ ആന്ദ്രേ സി യാൻചെറ്റിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.ജയ് വാൻ കാർഡുകൾ ഉപയോഗിച്ച് എമിറേറ്റ്സ് ഡോട് കോം വഴിയോ എമിറേറ്റ്‌സ് റീട്ടെയിൽ സ്റ്റോറുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജയ് വാൻ റോയൽ ഡെബിറ്റ് കാർഡ്, പ്രെസ്റ്റിജ് ഡെബിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് തുടങ്ങി എല്ലാത്തരം ജയ് വാൻ കാർഡുകളും എമിറേറ്റ്‌സ് സ്വീകരിക്കും. ദുബായിൽ നിന്നുള്ള വൺ-വേ, റിട്ടേൺ യാത്രകൾക്ക് ജയ് വാൻ കാർഡ് ഉടമകൾക്ക് എല്ലാ ക്ലാസുകളിലെ ടിക്കറ്റുകളിലും പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. നാളെ മുതൽ 2027 ഓഗസ്റ്റ് 31 വരെ നടത്തുന്ന ബുക്കിങ്ങുകൾക്ക് ഈ ഓഫർ ലഭ്യമാണ്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് 2028 ഫെബ്രുവരി 29 വരെ യാത്ര ചെയ്യാം.
രാജ്യത്തെ ക്യാഷ്‌ലെസ് സാമ്പത്തിക വ്യവസ്ഥയ്ക്കും ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തിനും കൂടുതൽ കരുത്തേകുന്നതാണ് ഈ പങ്കാളിത്തമെന്ന് എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കമേഴ്‌ഷ്യൽ ഓഫീസറുമായ അദ്നാൻ കാസിം പറഞ്ഞു. ഇടപാടുകാർക്ക് കൂടുതൽ സൗകര്യവും ലളിതമായ യാത്രാനുഭവവും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അൽ ഇത്തിഹാദ് പേയ്‌മെന്റ്സ് ചീഫ് ഓപറേറ്റിങ് ഓഫീസർ താരിഖ് അൽ ഹാവി വ്യക്തമാക്കി.
