ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈ വർഷം തന്നെ പ്ലാറ്റ്ഫോമിലേക്ക്; ഒരു ട്രെയിനിൽ മാത്രം 400 സീറ്റുകൾ

  1. Home
  2. Global Malayali

ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈ വർഷം തന്നെ പ്ലാറ്റ്ഫോമിലേക്ക്; ഒരു ട്രെയിനിൽ മാത്രം 400 സീറ്റുകൾ

d


രാജ്യം കാത്തിരുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ ഈ വർഷം തന്നെ പ്ലാറ്റ്ഫോമിലേക്ക്. യുഎഇയുടെ 11 നഗരങ്ങളെ കോർത്തിണക്കുന്ന ഇത്തിഹാദ് റെയിൽ പതിറ്റാണ്ടുകളുടെ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. മരുഭൂമിയുടെ മണ്ണിൽ റെയിൽ പാതകൾ ഉറയ്ക്കുമെന്നും അതിനുമേലെ ട്രെയിനുകൾ പായുമെന്നും സ്വപ്നം കണ്ട ഭരണാധികാരികളുടെ നിശ്ചയദാർഢ്യമാണ് ഏതാനും മാസങ്ങൾക്കുള്ളിൽ ചൂളം വിളിച്ചെത്തുക.അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. ഇതിനു പുറമെ സില, അൽ ദന്ന, അൽ മർഫ, സായിദ് സിറ്റി, മസീറ, അൽ ഫായ, അൽ ദൈദ് എന്നിവിടങ്ങളും ട്രെയിനുകൾ നിർത്തും. മൊത്തം 13 ട്രെയിനുകളാണ് പാസഞ്ചർ സർവീസിനുണ്ടാവുക. അതിൽ 10 എണ്ണവും നിർമാണം പൂർത്തിയാക്കി രാജ്യത്ത് എത്തിച്ചു.

400 സീറ്റുകളാണ് ഒരു ട്രെയിനിലുള്ളത്. എമിറേറ്റുകളിൽ നിന്ന് എമിറേറ്റുകളിലേക്കുള്ള യാത്രയ്ക്ക് ഇനി ഗതാഗതത്തിരക്ക് തടസ്സമാവില്ല, കൃത്യസമയത്ത് യഥാസ്ഥാനത്ത് ഇത്തിഹാദ് റെയിൽ എത്തിക്കും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി, ഫുജൈറയിലെ ക്രസന്റ് സിറ്റി തുടങ്ങിയ സുപ്രധാന റസിഡൻഷ്യൽ, സാമ്പത്തിക കേന്ദ്രങ്ങൾക്കുള്ളിൽ പ്രത്യേക സ്റ്റേഷനുകൾ ഉണ്ടാകും.ജനസാന്ദ്രതയുള്ള മേഖലകളിലെല്ലാം റെയിൽവെ സ്റ്റേഷനുകൾ പണിയും. രാജ്യാന്തര നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചുള്ള സാക്ഷ്യപത്രം ഓരോ ട്രെയിനിനുമുണ്ട്. പ്രതിവർഷം ഏകദേശം ഒരു കോടി യാത്രക്കാരെയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ആസൂത്രണം, രൂപകൽപ്പന, നടപ്പാക്കൽ എന്നീ 3 സമർപ്പിത ലക്ഷ്യങ്ങളിൽ ഊന്നി മൂന്ന് വർഷം കൊണ്ടാണ് റെയിൽ പാത യാഥാർഥ്യമാക്കുന്നത്. ആഭ്യന്തര ടൂറിസം മേഖലയിൽ കുതിപ്പുണ്ടാകുന്നതിനൊപ്പം ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ തോത് കുറയ്ക്കുമെന്നതും ട്രെയിൻ സർവീസിന്റെ നേട്ടമാണ്.