ദുബൈയിൽ ഇ.വി ചാർജിങ് പോയിന്റുകൾ വർധിച്ചു
അതിവേഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചതോടെ എമിറേറ്റിലെ ഇ.വി ഗ്രീൻ ചാർജർ നെറ്റ്വർക്കും 1860 ലധികം ചാർജിങ് പോയിന്റുകളായി വർധിച്ചതായി അധികൃതർ.
സർക്കാർ, സ്വകാര്യ മേഖലകളുമായി സഹകരിച്ച് ലൈസൻസ് നൽകിയ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള കണക്ക് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ(‘ദീവ’) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായറാണ് വെളിപ്പെടുത്തിയത്. 2026 ജനുവരി മധ്യത്തോടെ ഇ.വി ഗ്രീൻ ചാർജർ പദ്ധതിയിൽ ഉപയോക്താക്കളായി 23,600 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014ൽ ആരംഭിച്ച പദ്ധതിയിലൂടെ ‘ദീവ’ ഇതുവരെ 55,200 മെഗാവാട്ട് മണിക്കൂർ വൈദ്യുതി വിതരണം ചെയ്തിട്ടുമുണ്ട്.
ഇത് 276 ദശലക്ഷം കിലോമീറ്ററിലധികം ഇലക്ട്രിക് വാഹനയാത്രക്ക് തുല്യമാണെന്ന് ‘ദീവ’ അറിയിച്ചു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നോട്ടുവെച്ച കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും ഹരിത സമ്പദ്വ്യവസ്ഥയിലേക്കും സുസ്ഥിര ഗതാഗതത്തിലേക്കുമുള്ള മാറ്റത്തിൽ ദുബൈയെ ആഗോളതലത്തിൽ മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അൽ തായർ കൂട്ടിച്ചേർത്തു.
അൾട്രാ-ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ-ബോക്സ് എന്നിങ്ങനെ ‘ദീവ’ നാല് തരത്തിലുള്ള ചാർജറുകളാണ് നൽകുന്നത്. ഉപഭോക്താക്കൾക്ക് ‘ദീവ’യുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ്, കൂടാതെ 14 മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ചാർജിങ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന സംവിധാനവുമുണ്ട്. ‘ദീവ’യുടെ വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് അല്ലെങ്കിൽ കസ്റ്റമർ കെയർ സെന്ററിലെ ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ് സേവനം വഴി ഉപഭോക്താക്കൾക്ക് ‘ഗ്രീൻ ചാർജർ’ അക്കൗണ്ട് തുറക്കാനാകും. വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കാനും സാധിക്കും. കൂടാതെ, ‘ഗസ്റ്റ് മോഡ്’ സൗകര്യം വഴി എല്ലാ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമാണെന്നും ‘ദീവ’ അറിയിച്ചു.
