പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം; ഷാനിമോൾ ഉസ്മാന് നിവേദനം നൽകി ബഹ്‌റൈൻ കെഎംസിസി

  1. Home
  2. Global Malayali

പ്രവാസി പെൻഷൻ അപാകതകൾ പരിഹരിക്കണം; ഷാനിമോൾ ഉസ്മാന് നിവേദനം നൽകി ബഹ്‌റൈൻ കെഎംസിസി

kmcc


പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബഹ്‌റൈൻ കെഎംസിസി കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

കെഎംസിസി നൽകിയ സ്വീകരണ ചടങ്ങിൽ പ്രവാസികളുടെ പ്രശ്നങ്ങൾ കേട്ട ഡെപ്യൂട്ടി സ്പീക്കർ, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി. ചെറിയ കുടിശ്ശികയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന രീതി പുനഃപരിശോധിക്കുക, കുടിശ്ശിക തുക അടച്ചുതീർത്ത് പെൻഷൻ നേടാൻ അവസരമൊരുക്കുക, അപേക്ഷകളിലെ കാലതാമസം ഒഴിവാക്കി 1-2 മാസത്തിനകം പെൻഷൻ അനുവദിക്കുക, കൃത്യമായി പെൻഷൻ തുക വിതരണം ചെയ്യുക എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.

കൂടാതെ ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി 60-ൽ നിന്ന് 70 ആയി ഉയർത്തണമെന്നും ചികിത്സാ-മരണാനന്തര സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ചടങ്ങിൽ മറ്റ് കെഎംസിസി, ഒഐസിസി ഭാരവാഹികളും പങ്കെടുത്തു.