മക്കയും മദീനയും ഒഴികെ, സൗദിയിലെ മറ്റ് ഏത് നഗരത്തിലും പ്രവാസികൾക്ക് ഭൂമിയും വീടും സ്വന്തമാക്കാം
സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രധാന നഗരങ്ങളില്‍ വിദേശികള്‍ക്ക് പ്രോപ്പർട്ടികൾ സ്വന്തമാക്കാന്‍ അനുവാദമുള്ള പ്രത്യേക മേഖലകളും പ്രദേശങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു.പുതിയ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതിയുള്ള ഭൂമിശാസ്ത്രപരമായ മേഖലകള്‍ക്കുമാണ് ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടിയത്. മക്കയിൽ അബ്‌റാജ് മക്ക, അല്‍മനാര്‍, അജ്‌യാദ് ടവര്‍, കിങ് സല്‍മാന്‍ ഗേറ്റ്, ത്വലാല്‍ വില്ലേജ്, ജബല്‍ ഉമര്‍, ദാഖിര്‍ മക്ക, സുമുവ് സബര്‍ബ്, മസാര്‍, മക്കയിലെ ഒന്നും രണ്ടും മൂന്നും ഏരിയകളിലും മദീനയിൽ അല്‍ഗുറ, അല്‍മഹ്വ, ദാറത്ത് അല്‍ഹിജ്റ, ഡൗണ്‍ടൗണ്‍ മദീന, ദിയാര്‍ അല്‍മുഖര്‍, റുആ അല്‍മദീന, മദീന നോളജ് ഇക്കണോമിക് സിറ്റി, മിശ്‌റാഫ്, മദീനയിലെ ഒന്നും രണ്ടും ഏരിയകളിലും പ്രവാസികൾക്ക് സ്ഥലം വാങ്ങാം.
റിയാദിൽ ഖിദ്ദിയ, ന്യൂ അല്‍മുറബ്ബ, സ്‌പോര്‍ട്‌സ് ട്രാക്ക്, ദിരിയ ഗേറ്റ്, കിങ് സല്‍മാന്‍ പാര്‍ക്ക്, സിദ്‌റ, കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, കിങ് സല്‍മാന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മേഖലകളിലും ജിദ്ദയിൽ ജിദ്ദ സിറ്റി സെന്റര്‍, ചേരിവികസന പദ്ധതി നടപ്പാക്കുന്ന 55 പ്രത്യേക മേഖലകള്‍. ഇവ കൂടാതെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലും വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും.
മക്കയിലും മദീനയിലും മുസ്ലിംകള്‍ക്ക് മാത്രമേ സ്ഥലം വാങ്ങാൻ അനുമതിയുണ്ടാകൂ. മക്കയും മദീനയും ഒഴികെ, സൗദിയിലെ മറ്റ് ഏത് നഗരത്തിലും പ്രവാസികള്‍ക്ക് ഒരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി (താമസസ്ഥലം) സ്വന്തമാക്കാവുന്നതാണ്. പ്രവാസിയുടെ പക്കല്‍ സാധുവായ സാധാരണ ഇഖാമയോ അല്ലെങ്കില്‍ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണം. വാങ്ങുന്ന സ്വത്ത് റിയല്‍ എസ്റ്റേറ്റ് റജിസ്ട്രിയില്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്തതായിരിക്കണം. കൂടാതെ ഉടമസ്ഥാവകാശ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിദേശി അധികൃതർക്ക് മുന്നിൽ വെളിപ്പെടുത്തുകയും വേണം.
