ഖത്തറിൽ ഇഖാമ റദ്ദാക്കപ്പെടുന്ന പ്രവാസികൾ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

  1. Home
  2. Global Malayali

ഖത്തറിൽ ഇഖാമ റദ്ദാക്കപ്പെടുന്ന പ്രവാസികൾ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം

qatar


ഖത്തറിൽ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കപ്പെടുന്ന പ്രവാസികൾ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടാത്തവർ സാമ്പത്തിക പിഴ നേരിടേണ്ടിവരുമെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സുരക്ഷിത യാത്രയെക്കുറിച്ചുള്ള വെബിനാറിലാണ് എയർപോർട്ട് പാസ്പോർട്ട് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി ഇക്കാര്യം വ്യക്തമാക്കിയത്.
മുൻപ് റസിഡൻസ് പെർമിറ്റ് റദ്ദാക്കിയ ശേഷം രാജ്യത്ത് തുടരാൻ 30 ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ ഇത് രണ്ടാഴ്ചയായി ചുരുക്കിയിട്ടുണ്ട്. 14 ദിവസത്തെ ഈ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരിൽ നിന്ന് പ്രതിദിനം 10 ഖത്തറി റിയാൽ വീതം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശക വീസകളിൽ എത്തുന്നവരും തങ്ങളുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വീസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടർന്നാൽ പ്രതിദിനം 200 ഖത്തറി റിയാലാണ് പിഴയൊടുക്കേണ്ടി വരിക.