റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോ‍ർട്ട്

  1. Home
  2. Global Malayali

റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോ‍ർട്ട്

saudi


 

സൗദി തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു സ്ഫോടനങ്ങൾ.

പുലർച്ചെ മൂന്ന് മണിയോടെയാണ് റിയാദ് നിവാസികളുടെ മൊബൈൽ ഫോണുകളിൽ എയർ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. ‘മേഖല ശത്രുപക്ഷത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണിയിലാണ്, ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണം’ എന്നായിരുന്നു സന്ദേശം. ഇതിന് തൊട്ടുപിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി വാർത്താ ഏജൻസി സ്ഥിരീകരിച്ചു. അരമണിക്കൂറിന് ശേഷം സൗദി സിവിൽ ഡിഫൻസ് ഏജൻസി മുന്നറിയിപ്പ് പിൻവലിച്ചു.

ജൂലൈ മാസത്തിൽ യെമനിൽ പോരാട്ടം കടുപ്പിച്ചതിന് ശേഷം ആദ്യമായാണ് റിയാദ് നഗരത്തിന് നേരെ നേരിട്ട് ആക്രമണ ഭീഷണിയുണ്ടാകുന്നത്.ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ, സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ വൻ കുറവുണ്ടായതായി നാവിക നിരീക്ഷണ ഏജൻസിയായ 'ക്ലെപ്ലർ' വ്യക്തമാക്കി.