അസാധാരണ ഉച്ചക്കോടി: ഒറ്റക്കെട്ടയായി ഗൾഫ് രാജ്യങ്ങൾ, നേതൃത്വം വഹിച്ച് സൗദി

  1. Home
  2. Global Malayali

അസാധാരണ ഉച്ചക്കോടി: ഒറ്റക്കെട്ടയായി ഗൾഫ് രാജ്യങ്ങൾ, നേതൃത്വം വഹിച്ച് സൗദി

s


മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജിസിസി നേതാക്കളുടെ അസാധാരണ കൂടിയാലോചനാ ഉച്ചകോടി ഇന്ന് ജിദ്ദയിൽ നടക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ അംഗരാജ്യങ്ങളിലെ നേതാക്കൾ എത്തിത്തുടങ്ങി. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ്, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ രാജാവ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവർ ഇതിനകം ജിദ്ദയിലെത്തി.മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും സംയുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. ഇറാനും അനുബന്ധ സായുധ സംഘങ്ങളും ഉയർത്തുന്ന ഭീഷണികൾ നേരിടുക, സംഘർഷം വ്യാപിക്കുന്നത് തടയുക എന്നിവയ്ക്കൊപ്പം ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പരിഹാരമാർഗങ്ങൾ തേടാനും നേതാക്കൾ ആശയവിനിമയം നടത്തും. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്കായി ഗൾഫ് രാജ്യങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നതിനെതിരെയുള്ള ഉറച്ച നിലപാട് ഉച്ചകോടിയിൽ വീണ്ടും പ്രഖ്യാപിക്കും.

പ്രാദേശിക സുരക്ഷയ്ക്കൊപ്പം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിപണിയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളും ഉച്ചകോടിയുടെ പരിഗണനയ്ക്കു വരും. ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കൽ എന്നിവ ഗൗരവമായി ചർച്ച ചെയ്യും. സാമ്പത്തിക ഐക്യം, പ്രതിരോധ-സുരക്ഷാ സംവിധാനങ്ങളുടെ വികസനം എന്നിവയിൽ സൽമാൻ രാജാവിന്റെ വിവേകപൂർണ്ണമായ കാഴ്ചപ്പാടുകൾക്ക് അടിവരയിടുന്ന ഉച്ചകോടി, ഗൾഫ് സംയോജന പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തും.

പ്രതിസന്ധി ഘട്ടത്തിൽ അംഗരാജ്യങ്ങളെ സഹായിക്കാൻ സൗദി അറേബ്യ തങ്ങളുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉൾപ്പെടെയുള്ള ലോജിസ്റ്റിക് സൗകര്യങ്ങൾ ലഭ്യമാക്കുന്നത് മെച്ചപ്പെട്ട സഹകരണത്തിന് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.