യുഎഇയിൽ വാണിജ്യാവശ്യങ്ങൾക്ക് സംഗീതം ഉപയോഗിക്കുന്നതിന് ഫീസ് ഏർപ്പെടുത്തുന്നു
റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ഫിറ്റ്നസ് സെന്ററുകൾ, എയർലൈനുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കായി സംഗീതം ഉപയോഗിക്കുന്നതിന് ഡിസംബർ മുതൽ പ്രത്യേക ലൈസൻസ് ഫീസ് നൽകണമെന്ന് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. പുതിയ 'കളക്ടീവ് മാനേജ്‌മെന്റ് ഗൈഡ് ഫോർ മ്യൂസിക്' പ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംഗീത സംവിധായകർ, ഗാനരചയിതാക്കൾ, പ്രൊഡ്യൂസർമാർ എന്നിവരുടെ പകർപ്പവകാശവും നിർമ്മാണാവകാശവും സംരക്ഷിക്കുന്നതിനൊപ്പം കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾക്ക് അർഹമായ റോയൽറ്റി ഉറപ്പാക്കുകയുമാണ് ഈ ഘടനയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പുതിയ നിയമപ്രകാരം പശ്ചാത്തല സംഗീതം ഉൾപ്പെടെ പ്ലേ ചെയ്യുന്ന റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്ക് പുറമെ റേഡിയോ-ടെലിവിഷൻ ചാനലുകൾക്കും കൺസെർട്ടുകൾക്കും വിനോദ പരിപാടികൾക്കും ഈ ലൈസൻസ് നിർബന്ധമായിരിക്കും. ഓരോ സ്ഥാപനത്തിന്റെയും വലുപ്പവും സംഗീത ഉപയോഗത്തിന്റെ സ്വഭാവവും അടിസ്ഥാനമാക്കിയായിരിക്കും ഫീസ് നിർണ്ണയിക്കുന്നത്. ഒരു വർഷത്തേക്ക് ലഭിക്കുന്ന ഈ ലൈസൻസുകൾ വർഷം തോറും പുതുക്കേണ്ടതുണ്ട്. മന്ത്രാലയത്തിന്റെ അംഗീകാരമുള്ള 'എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ', 'മ്യൂസിക് നേഷൻ' എന്നീ ഏജൻസികൾക്കായിരിക്കും ഫീസ് ശേഖരണത്തിന്റെയും മേൽനോട്ടത്തിന്റെയും ചുമതല. ഇതിലൂടെ രാജ്യത്തെ സംഗീത മേഖലയിൽ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ വ്യവസ്ഥ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
