ഹയ്യാകാർഡ് ഉള്ളവരുടെ അതിഥികളായി ലോകകപ്പിനെത്തുന്ന ഒരാൾ 500 ഖത്തർ റിയാൽ ഫീസായി നൽണം

  1. Home
  2. Global Malayali

ഹയ്യാകാർഡ് ഉള്ളവരുടെ അതിഥികളായി ലോകകപ്പിനെത്തുന്ന ഒരാൾ 500 ഖത്തർ റിയാൽ ഫീസായി നൽണം

hayya card


ഹയ്യാ കാർഡ് ഉള്ളവരുടെ അതിഥികളായി ലോകകപ്പിനെത്തുന്നവരുടെ ഫീസ് നിശ്ചയിച്ചു. ഒരാൾക്ക് 500 ഖത്തർ റിയാലാണ് ഫീസായി നൽകേണ്ടത്. ഹയ്യാ ആപ്ലിക്കേഷൻ വഴിയാണ് പണം അടയ്ക്കേണ്ടത്. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റ് ലഭിക്കാത്തവർക്ക് ഖത്തറിലേക്ക് വരാനുള്ള അവസരമാണ് വൺ പ്ലസ് ത്രീ പാക്കേജ്. അതായത് ടിക്കറ്റുള്ള ഒരാൾക്ക് അയാളുടെ ഹയ്യാ കാർഡിൽ മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാം. ഇങ്ങനെ വരുന്നവർക്ക് പ്രത്യേക ഫീസ് ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഫീസ് അടയ്ക്കാതെ തന്നെ കൂടെക്കൂട്ടാം.

അതേസമയം, ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ലോകകപ്പ് സമയത്ത് ഹയ്യാകാർഡ് വഴിയാണ് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. 15 ലക്ഷത്തോളം ഫുട്ബോൾ ആരാധകരെത്തുമെന്നാണ് കണക്ക്. ഈ സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദർശക വിസകൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്. എന്നാൽ, ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

അതേസമയം, ഖത്തർ പൗരന്മാർ, താമസക്കാർ, ഖത്തർ ഐ.ഡിയുള്ള ജി.സി.സി പൗരന്മാർ എന്നിവർക്ക് ലോകകപ്പ് വേളയിൽ ഹയ്യാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വർക്ക് പെർമിറ്റിലും, വ്യക്തിഗത റിക്രൂട്ട്മെൻറ് വിസയിലും എത്തുന്നവർക്കും പ്രവേശനത്തിന് തടസമില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി അംഗീകാരം ലഭിക്കുന്നവർക്കും ഇക്കാലയളവിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.