യുഎഇയിൽ ആദ്യ ജീൻ തെറാപ്പി കുത്തിവയ്പ് വിജയകരമായി പൂർത്തിയാക്കി
പാരമ്പര്യമായി കണ്ടുവരുന്ന മാരകമായ രക്തരോഗങ്ങൾക്കുള്ള ചികിത്സാരംഗത്ത് നിർണായക നേട്ടം കൈവരിച്ച് യുഎഇ. അബുദാബിയിലെ യാസ് ക്ലിനിക് - ഖലീഫ സിറ്റിയാണ് രാജ്യത്തെ ആദ്യ ജീൻ തെറാപ്പി കുത്തിയ്പ് വിജയകരമായി പൂർത്തിയാക്കിയത്. അബുദാബി സ്റ്റെം സെൽസ് സെന്റർ, വെർട്ടെക്സ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ സഹകരണത്തോടെയും അബുദാബി ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലുമാണ് ഈ ചരിത്രപരമായ നേട്ടം സ്വന്തമാക്കിയത്. 'കാസ്ഗെവി' (CASGEVY) എന്ന അത്യാധുനിക ക്രിസ്പർ-കാസ്9 ജീൻ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്.രോഗകാരികളായ ജീനുകളെ കൃത്യമായി തിരിച്ചറിഞ്ഞ് അവയിൽ മാറ്റം വരുത്താൻ സാധിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണിത്. ഡിഎൻഎയിലെ തകരാറുകൾ പരിഹരിക്കാൻ മോളിക്യുലർ സിസേഴ്സ് ആയി പ്രവർത്തിക്കുന്ന കാസ്9 എൻസൈമും ഗൈഡ് ആർഎൻഎയും ചേർന്നാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്. സിക്കിൾ സെൽ അനീമിയ, തലസീമിയ തുടങ്ങിയ രക്തസംബന്ധമായ രോഗങ്ങൾ നേരിടുന്ന 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് നിലവിൽ ഈ ചികിത്സ ലഭ്യമാക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നായി അബുദാബിയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. നൂറ ഖമീസ് അൽ ഗൈത്തി പറഞ്ഞു. നൂതനമായ ഇത്തരം ചികിത്സകൾ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അബുദാബിയെ ജീവശാസ്ത്ര ഗവേഷണങ്ങളുടെയും നൂതന ചികിത്സകളുടെയും ആഗോള കേന്ദ്രമായി ഈ നാഴികക്കല്ല് മാറ്റുമെന്ന് യാസ് ക്ലിനിക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മെയ്സൂൺ അൽ കരം വ്യക്തമാക്കി. വർഷങ്ങളായി പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മാത്രം ലഭിച്ചിരുന്ന രോഗികൾക്ക് ഈ പുതിയ രീതി ശാശ്വത പരിഹാരമാകുമെന്ന് വെർട്ടെക്സ് എക്സിക്യൂട്ടീവ് കൺട്രി മാനേജർ ഹിഷാം ഹഗർ പറഞ്ഞു.
