യുഎഇയിലെ മലയോരങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്; ഫുജൈറയിലും റാസൽഖൈമയിലും കനത്ത മഴ

  1. Home
  2. Global Malayali

യുഎഇയിലെ മലയോരങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്; ഫുജൈറയിലും റാസൽഖൈമയിലും കനത്ത മഴ

kerala rain


 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്. ഫുജൈറയിലും റാസൽഖൈമയിലും മഴ ശക്തമായതോടെ വാദികളിലും താഴ്‌വരകളിലും വെള്ളമൊഴുക്ക് വർധിച്ചു. ചില മലയോര മേഖലകളിൽ വെള്ളക്കെട്ടുണ്ടായി. വാദികൾ കരകവിഞ്ഞൊഴുകുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു.ഫുജൈറ, റാസൽഖൈമ, അൽഐനിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9 വരെയാണ് മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിയും മണലും ഉയരുന്നതിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഷാർജയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച നേരിയ ചാറ്റൽമഴയ്ക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് പ്രവചനം. വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത കുറവാണെങ്കിലും തീരദേശ, വടക്കൻ മേഖലകളിൽ മേഘാവൃതമായ കാലാവസ്ഥ തുടരും. തിങ്കളാഴ്ച കിഴക്കൻ, വടക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്.

കനത്ത മഴയിലൂടെ കാറുകളും ട്രക്കുകളും സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഒഴുക്കിൽപ്പെടാനോ ചെളിയിൽ കുടുങ്ങാനോ സാധ്യതയുണ്ട്. വാദികളിലെ വെള്ളമൊഴുക്ക് പെട്ടെന്ന് ശക്തമാകാം. വെള്ളം കയറിയ റോഡുകളിലൂടെയും വാദികളിലൂടെയും യാത്ര ചെയ്യരുതെന്നും മലയോര മേഖലകളിൽ വിനോദസഞ്ചാരികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.