യു എ ഇ യിലെ നാൽപത് ദിവസത്തെ കഠിന വേനലിന് നാളെ തുടക്കം
യുഎഇ ഉൾപ്പെടെയുള്ള ജി സി സി രാജ്യങ്ങളിൽ ഈ വർഷത്തെ ഏറ്റവും കഠിനമായ വേനൽക്കാലത്തിന് വെള്ളിയാഴ്ച തുടക്കമാകും. അറബികൾ പരമ്പരാഗതമായി 'ജംറത്ത് അൽ ഖൈദ്' എന്ന് വിളിക്കുന്ന, ഏറ്റവും ചൂടേറിയതും വരണ്ടതുമായ ഈ ഘട്ടം 40 ദിവസത്തോളം നീണ്ടുനിൽക്കും. ആഗസ്റ്റ് 10 വരെയാണ് ഈ കടുത്ത ചൂട് അനുഭവപ്പെടുക.
ഈ കാലയളവിൽ യുഎഇയിലെ മരുഭൂമി പ്രദേശങ്ങളിൽ പകൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്നേക്കാം. നഗരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കടുത്ത ചൂടിനൊപ്പം ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടും.
വെള്ളിയാഴ്ച പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ 'അൽ ജൗസ' നക്ഷത്രസമൂഹം ദൃശ്യമാകുന്നതോടെയാണ് ഈ കഠിന വേനൽക്കാലത്തിന്റെ വരവ് തുടങ്ങുന്നത് . ആഗസ്റ്റ് 11-ന് 'അൽ കുലൈബൈൻ' നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ ഈ ഘട്ടം അവസാനിക്കുകയും കൂടുതൽ അന്തരീക്ഷ ഈർപ്പമുള്ള അടുത്ത ഘട്ടത്തിലേക്ക് മാറുകയും ചെയ്യും.
ഈ 40 ദിവസങ്ങളിൽ സാധാരണ താപനിലയേക്കാൾ 4 ഡിഗ്രിയെങ്കിലും കൂടിയ നിലയിൽ തുടർച്ചയായി ഉഷ്ണതരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.
കടുത്ത ചൂടും വരണ്ട കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
