കൂടുതൽ സൗദിയ വിമാനങ്ങളിൽ സൗജന്യ വൈ-ഫൈ; 70 വിമാനങ്ങളിൽ കൂടി സേവനം ലഭ്യമാകും

  1. Home
  2. Global Malayali

കൂടുതൽ സൗദിയ വിമാനങ്ങളിൽ സൗജന്യ വൈ-ഫൈ; 70 വിമാനങ്ങളിൽ കൂടി സേവനം ലഭ്യമാകും

saudia


യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ മികച്ച ഡിജിറ്റൽ അനുഭവം ഉറപ്പാക്കുന്നതിനായി 70 വിമാനങ്ങളിൽ കൂടി സൗജന്യ വൈ-ഫൈ സേവനം ഏർപ്പെടുത്താൻ ദേശീയ വിമാനക്കമ്പനിയായ സൗദിയ ഒരുങ്ങുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ‘നിയോ എയ്‌റോസ്‌പേസ് ഗ്രൂപ്പു’മായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 67 നാരോ-ബോഡി എ-320 വിമാനങ്ങളിലും മൂന്ന് വൈഡ്-ബോഡി എ-330 വിമാനങ്ങളിലുമാണ് അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുക. 2027 അവസാനത്തോടെ സൗദിയയുടെ മുഴുവൻ വിമാനങ്ങളിലും സൗജന്യ വൈ-ഫൈ സേവനം വ്യാപിപ്പിക്കുമെന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽശഹ്റാനി വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിൽ വിമാനയാത്രയ്ക്കിടെ സൗജന്യ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ആദ്യ വിമാനക്കമ്പനികളിൽ ഒന്നായി ഇതോടെ സൗദിയ മാറും. അത്യാധുനികമായ ‘എൻ.എസ്.ജി സ്കൈവേവ്സ്’ സിസ്റ്റം വഴിയാണ് ഈ സേവനം പ്രവർത്തിക്കുന്നത്. മീഡിയം എർത്ത് ഓർബിറ്റിലെയും ജിയോസ്റ്റേഷണറി ഓർബിറ്റിലെയും ഉപഗ്രഹങ്ങളെ സംയോജിപ്പിച്ചുള്ള സാങ്കേതിക വിദ്യയായതിനാൽ തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഇന്റർനെറ്റ് യാത്രക്കാർക്ക് ലഭിക്കും.

ആഗോളതലത്തിൽ വ്യോമയാന മേഖലയിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് സൗദിയ മുൻഗണന നൽകുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ ഇബ്രാഹിം അൽഉമർ പറഞ്ഞു. ഡിജിറ്റൽ ഫ്ലൈറ്റ് അനുഭവങ്ങളിൽ സൗദി അറേബ്യയുടെ സ്ഥാനം ഈ പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കും.