യുഎഇയിൽ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു
യുഎഇയിൽ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ നിരക്കുകളിൽ ലിറ്ററിന് 20 ഫിൽസ് വരെയുടെ വർധനയാണ് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ നാളെ(ഓഗസ്റ്റ് 1) മുതൽ പ്രാബല്യത്തിൽ വരും.ഓഗസ്റ്റിലെ പുതുക്കിയ നിരക്കുകൾ പ്രകാരം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.60 ദിർഹമായിരിക്കും വില. ജൂലൈയിൽ ഇത് 3.40 ദിർഹമായിരുന്നു. സ്‌പെഷൽ 95 പെട്രോൾ ലിറ്ററിന് 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായും ഇ-പ്ലസ് പെട്രോൾ ലിറ്ററിന് 3.21 ദിർഹത്തിൽ നിന്ന് 3.41 ദിർഹമായും ഉയർന്നു. ഡീസൽ വില ലിറ്ററിന് 3.60 ദിർഹത്തിൽ നിന്ന് 3.80 ദിർഹമായാണ് ഉയർന്നത്.
രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലെ ചലനങ്ങൾ മുൻനിർത്തിയാണ് എല്ലാ മാസവും അവസാനത്തോടെ യുഎഇ ഇന്ധനവില പുനർനിർണയിക്കുന്നത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം രാജ്യത്ത് ഇന്ധനവിലയിൽ 60 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിരുന്നു.
നാലു മാസത്തെ തുടർച്ചയായ വിലവർധനയ്ക്കു ശേഷം ജൂലൈയിൽ ചെറിയ രീതിയിൽ നിരക്കുകൾ കുറഞ്ഞിരുന്നെങ്കിലും ഓഗസ്റ്റിൽ വീണ്ടും ഉയരുകയായിരുന്നു. അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതും ആഗോള വിപണിയിലെ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വാഹന ഉടമകളുടെയും സാധാരണ കുടുംബങ്ങളുടെയും പ്രതിമാസ ബജറ്റിനെ ബാധിക്കുന്നതാണ് ഇന്ധനവിലയിലെ ഈ വർധന.
