ആകാശത്ത് വിസ്മയം തീർക്കാൻ ഡ്രോണുകളുടെ വമ്പൻ പ്രകടനവുമായി ഗ്ലോബൽ വില്ലേജ്
ആകാശത്തെ ക്യാൻവാസാക്കി വിസ്മയങ്ങൾ തീർക്കുന്ന ഡ്രോണുകളുടെ വമ്പൻ പ്രകടനം കാണാൻ കാത്തിരുന്നവർക്കായി ദുബായ് ഗ്ലോബൽ വില്ലേജ് ആ തീയതി പ്രഖ്യാപിച്ചു. മുപ്പതാം സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ ഈ വെള്ളിയാഴ്ച (ജനുവരി 9) വൈകിട്ട് 7.15-ന് നടക്കും. സീസണിലെ ഏറ്റവും മനോഹരവും അദ്ഭുതകരവുമായ കാഴ്ചയായിരിക്കും ഇതെന്ന് സംഘാടകർ ഉറപ്പുനൽകുന്നു.
പുതുവത്സര രാവിൽ ലോകത്തെ വിവിധ രാജ്യങ്ങൾക്കൊപ്പം ഏഴ് തവണ ആഘോഷങ്ങൾ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ് ചരിത്രം കുറിച്ചിരുന്നു. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതുവർഷം പിറന്നപ്പോഴെല്ലാം വാനിൽ വർണവിസ്മയം തീർത്തായിരുന്നു ആ ആഘോഷങ്ങൾ. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഏറ്റവും വലിയ ഡ്രോൺ ഷോയ്ക്ക് ആകാശമൊരുങ്ങുന്നത്.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭക്ഷണവും വൈവിധ്യമാർന്ന കാഴ്ചകളും ഷോപ്പിങ്ങും ഒത്തുചേരുന്ന ഗ്ലോബൽ വില്ലേജിൽ സന്ദർശകരുടെ പ്രധാന ആകർഷണമാണ് രാത്രികാലങ്ങളിലെ ഈ വെടിക്കെട്ടും ഡ്രോൺ പ്രദർശനങ്ങളും. മേയ് 10 വരെ നീളുന്ന ഈ സീസണിൽ വൈകിട്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ എത്തുന്നവർക്ക് ഈ വെള്ളിയാഴ്ചത്തെ ഷോ വലിയൊരു ദൃശ്യവിരുന്നായിരിക്കും.
ടിക്കറ്റ് നിരക്കുകൾ
ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ: 25 ദിർഹം.
മറ്റ് ദിവസങ്ങളിൽ (എനി ഡേ ടിക്കറ്റ്): 30 ദിർഹം.
മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും (ഭിന്നശേഷിക്കാർ) പ്രവേശനം സൗജന്യമാണ്.
