യുഎഇയിൽ സ്വർണവില വർധിച്ചു

  1. Home
  2. Global Malayali

യുഎഇയിൽ സ്വർണവില വർധിച്ചു

gold  


 

രാജ്യാന്തര വിപണിയിലെ മുന്നേറ്റത്തിന് പിന്നാലെ യുഎഇയിൽ സ്വർണവില വർധിച്ചു. വിപണിയിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 515.75 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അടച്ചുപൂട്ടൽ നിരക്കായ 512 ദിർഹത്തിൽനിന്നാണ് ഈ വർധന. 22 കാരറ്റ് സ്വർണം ഗ്രാമിന് 477.50 ദിർഹം എന്ന നിരക്കിലും വിപണിയിൽ ലഭ്യമാണ്.രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് (31.1 ഗ്രാം) 1.3 ശതമാനം വരെ വർധിച്ച് 4,320 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയെങ്കിലും പിന്നീട് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ലാഭമെടുപ്പ് ശക്തമായതോടെ വില കുറഞ്ഞു. നിലവിൽ ഔൺസിന് 4,295 ഡോളർ എന്ന നിരക്കിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലുണ്ടായ ചെറിയ കുറവാണ് സ്വർണത്തിന് താൽക്കാലിക പിന്തുണ നൽകിയത്. എങ്കിലും, ബോണ്ട് യീൽഡും യുഎസ് ഡോളറും താഴ്ന്നാൽ മാത്രമേ സ്വർണവിലയിൽ ദീർഘകാല മുന്നേറ്റം സാധ്യമാകൂ എന്ന് എക്സ്എസ് ഡാറ്റ് കോം വിപണി വിദഗ്ധൻ ലിൻ ട്രാൻ പറഞ്ഞു.

സ്പോട്ട് ഗോൾഡ് വിലയിൽ 1.14 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. 1.3 ശതമാനം ഇടിവോടെ ഔൺസിന് 63.73 ഡോളർ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യം അളക്കുന്ന ബ്ലൂംബെർഗ് ഡോളർ സ്പോട്ട് ഇൻഡക്സ് 0.1 ശതമാനം ഉയർച്ച രേഖപ്പെടുത്തി.