ദുബായിൽ സ്വർണവിലയിൽ ഇടിവ്
കഴിഞ്ഞ ദിവസം റെക്കോർഡിലേക്ക് ഉയർന്ന ദുബായിലെ സ്വർണവിലയിൽ ഇടിവ്. ഇന്ന് രാവിലെയോടെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. 24 കാരറ്റ് ഗ്രാമിന് 496.25 ദിർഹത്തിലാണ് രാവിലെ വ്യാപാരം നടന്നത്. ഇന്നലെ രേഖപ്പെടുത്തിയ 500.75 ദിർഹത്തിൽ നിന്ന് 4.50 ദിർഹത്തിന്റെ കുറവാണിത്.22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 463.75 ദിർഹത്തിൽ നിന്ന് നാല് ദിർഹം കുറഞ്ഞ് 459.75 ദിർഹത്തിലാണ് 22 കാരറ്റിന്റെ വ്യാപാരം നടക്കുന്നത്. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8.75 ദിർഹവും 22 കാരറ്റിന് 8.25 ദിർഹവും വർധിച്ചിരുന്നു.
ഈ മാസത്തിന്റെ തുടക്കം മുതൽ ദുബായ് സ്വർണവിപണിയിൽ വലിയ തോതിലുള്ള വിലവ്യതിയാനങ്ങളാണ് പ്രകടമാകുന്നത്. ഈ മാസം 24 കാരറ്റ് സ്വർണത്തിന് 481.50 ദിർഹം മുതൽ 503 ദിർഹം വരെ വില രേഖപ്പെടുത്തിയിരുന്നു. തുടക്കത്തിൽ 489.75 ദിർഹമായിരുന്ന 24 കാരറ്റ് വില മൂന്നാം തീയതിയോടെയാണ് 500 കടന്നത്. തുടർന്ന് ജൂലൈ നാല്, അഞ്ച് തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 503 ദിർഹത്തിലെത്തി.
പിന്നീട് താഴ്ന്ന വില 16, 17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 481.50 ദിർഹത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ തുടർ ദിവസങ്ങളിൽ വിപണി ശക്തമായി തിരിച്ചുവരവ് നടത്തുകയും 22-ന് വീണ്ടും 500 ദിർഹം കടക്കുകയുമായിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ വീണ്ടും വിലയിൽ ചെറിയ ആശ്വാസം ദൃശ്യമായിരിക്കുന്നത്.
