അധ്യാപകർക്കുള്ള ഗോൾഡൻ വിസ തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരം: ലഫ്. ജനറൽ മുഹമ്മദ് അൽ മർറി
മികച്ച അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഗോൾഡൻ വിസ നൽകുന്നത് തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരവും ദുബായുടെ ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. ലോക അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗോൾഡൻ വിസ നൽകാനുള്ള ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശം, മനുഷ്യരുടെ വളർച്ചയിൽ വിദ്യാഭ്യാസത്തിനുള്ള നിർണായക പങ്കിനെ ദുബായ് വിലമതിക്കുന്നതിന്റെ തെളിവാണ്. അറിവിൽ നിക്ഷേപിക്കാനും സമൂഹത്തിന്റെ പുരോഗതിക്കും ഭാവിക്കും സംഭാവന നൽകുന്ന പ്രതിഭകൾക്ക് കരുത്തുപകരാനുമുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറിവും മൂല്യങ്ങളും പകർന്നുനൽകിയും ഉയർന്ന ലക്ഷ്യങ്ങളിലേക്ക് പ്രചോദിപ്പിച്ചും അധ്യാപകർ തലമുറകളിൽ നിലനിൽക്കുന്ന സ്വാധീനം ചെലുത്തുന്നു. മനുഷ്യരെ വളർത്തിയെടുക്കുന്നതിലും ഭാവി രൂപപ്പെടുത്തുന്നതിലും അനിവാര്യ പങ്കാളികളായ ഇവരെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്, സാമൂഹിക പുരോഗതിയുടെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറയായ വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അൽ മർറി വ്യക്തമാക്കി.
മനുഷ്യർക്ക് മുൻഗണന നൽകി നേതൃത്വത്തിന്റെ നിർദേശങ്ങൾ സേവനങ്ങളായും നടപടിക്രമങ്ങളായും നടപ്പാക്കുന്നതിൽ ജിഡിആർഎഫ്എയ്ക്ക് അഭിമാനമുണ്ട്. ഗോൾഡൻ വിസ നടപടികൾ സുഗമമാക്കുകയും മികച്ച വിദ്യാഭ്യാസ പ്രവർത്തകരുടെ ദീർഘകാല താമസസ്ഥിരതയ്ക്ക് പിന്തുണ നൽകുകയും ചെയ്യുന്നതിലൂടെ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വകുപ്പ് സംഭാവന നൽകുന്നു. നേട്ടങ്ങളെ വിലമതിക്കുകയും അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന അന്തരീക്ഷത്തിൽ അർഥവത്തായ സംഭാവനകൾ തുടരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
