കുട്ടികളിൽ നല്ല ഭക്ഷണശീലം വളർത്താം; അബുദാബി സ്കൂളുകളിൽ ജങ്ക് ഫൂഡ് ഔട്ട്
വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കാൻ കർശന നിയമങ്ങൾ പുറത്തിറക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). പഞ്ചസാര ചേർത്ത ഭക്ഷണ, പാനീയങ്ങൾ, എണ്ണയിൽ വറുത്തവ, അൾട്രാ പ്രോസസ്ഡ് ഫൂഡ് തുടങ്ങിയവ സ്കൂളിൽ കൊടുത്തുവിടരുതെന്നാണ് നിർദേശം.
അണ്ടിപ്പരിപ്പ് ഉൾപ്പെടെ അലർജിക്കു കാരണമാകുന്നവയും മദ്യവും പന്നിയിറച്ചിയും അടങ്ങിയ ഉൽപന്നങ്ങളും നിരോധിച്ചു. സ്കൂൾ കന്റീനിലും ഇത്തരം ഭക്ഷണം പാടില്ല. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചത്. നഴ്സറികളിലും കിന്റർഗാർട്ടനുകളിലും കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കുന്നതും വിലക്കി.
വീട്ടിൽനിന്ന് കൊണ്ടുവരുന്നതോ സ്കൂൾ, നഴ്സറി കന്റീനുകളിൽ തയാറാക്കുന്നതോ ആയ ഭക്ഷണങ്ങളിൽ പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. വിദ്യാർഥികൾക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഉപവാസം ഒഴികെയുള്ള സമയങ്ങളിൽ എല്ലാ വിദ്യാർഥികളും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്നും സ്കൂളുകൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം, സുരക്ഷ, വികസനം എന്നിവ സംരക്ഷിക്കുന്നതിനാണ് നിയമം കർശനമാക്കിയത്.
നിരോധിത ഉൽപന്നങ്ങൾ
ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ഐസോടോണിക് ഒഴികെയുള്ള സ്പോർട്സ് പാനീയങ്ങൾ, മിഠായി, ചോക്കലേറ്റ് (ഡാർക്ക് ചോക്കലേറ്റ് ഒഴികെ), മാഷ്മലോസ്, കോട്ടൺ കാൻഡി, ഐസ്ക്രീം തുടങ്ങി കൃത്രിമ മധുരം ചേർത്തവ സ്കൂളിലേക്ക് കൊടുത്തയക്കാൻ പാടില്ല. കഫീൻ അടങ്ങിയ പാനീയങ്ങൾ, ചിക്കൻ, ഫലാഫെൽ, സമൂസ തുടങ്ങി എണ്ണയിൽ വറുത്തവയും ഒഴിവാക്കണം. സോസേജ്, ഹോട്ട് ഡോഗുകൾ തുടങ്ങി സംസ്കരിച്ച മാംസത്തിനും സ്കൂളിൽ നിരോധനമുണ്ട്. ചിപ്സ്, പഫ്ഡ് കോൺ, സോയ മിൽക്, സോയ അധിഷ്ഠിത സോസുകൾ എന്നിവയും സ്കൂളിൽ നിരോധിച്ചു.
