രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ മുൻനിരയിൽ
യുദ്ധഭീഷണിയും സംഘർഷങ്ങളും നിലനിൽക്കുമ്പോഴും രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങൾ മുൻനിരയിൽ. ഗാലപ് പുറത്തിറക്കിയ 2026 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കണ്ടെത്തൽ.രാത്രിയിൽ സുരക്ഷിതരാണെന്ന് 96% പേരും അഭിപ്രായപ്പെട്ടു. സിംഗപ്പൂരും ഇതേ സ്കോർ നേടി യുഎഇയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. 95% സ്കോറോടെ സൗദി മൂന്നാം സ്ഥാനത്തെത്തി. കുവൈത്ത് (93), ബഹ്റൈൻ (92)എന്നിവയും ആദ്യ പത്തിൽ ഇടംപിടിച്ചു. ഗൾഫ് സഹകരണ കൗൺസിലിലെ 4 രാജ്യങ്ങൾ ആദ്യ പത്തിൽ ഇടംനേടിയത് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചശേഷം സൗദിയിലും ബഹ്റൈനിലും ഗാലപ് വീണ്ടും സർവേ നടത്തി. സൗദിയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി പറഞ്ഞവരുടെ എണ്ണം 96 ശതമാനമായി ഉയർന്നു. ബഹ്റൈനിൽ ഇത് 93 ശതമാനമാണ്. സംഘർഷങ്ങൾക്കിടയിലും ജനങ്ങളുടെ സുരക്ഷിതത്വബോധത്തിൽ കാര്യമായ മാറ്റമുണ്ടായില്ലെന്ന് ഗാലപ് വ്യക്തമാക്കി.
യുഎഇയിൽ പ്രവാസികളിൽ 96 ശതമാനവും എമിറാത്തികളിൽ 98 ശതമാനവും രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. കുറഞ്ഞ വരുമാനക്കാരിലും സുരക്ഷിതത്വബോധം 95 ശതമാനമായിരുന്നു.
