ഗൾഫ് മേഖലയിലെ പ്രതിസന്ധി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് ബദൽ മൂല്യനിർണ്ണയം
ഗൾഫ് മേഖലയിലെ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ (CBSE) ബദൽ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു. യുഎഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ബോർഡ് റദ്ദാക്കി. വിദ്യാർത്ഥികളുടെ ഉപരിപഠനവും ഭാവിയും സംരക്ഷിക്കുന്നതിനായി സുതാര്യമായ രീതിയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
പരീക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ നടന്ന ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ മാർക്ക് മാനദണ്ഡമാക്കിയാകും ഫലം നിശ്ചയിക്കുക. അതേസമയം, എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതിയവർക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മാർക്ക് നൽകും. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളിൽ മാറ്റമുണ്ടാകില്ല. ഏപ്രിൽ 6 മുതൽ 13 വരെയുള്ള കാലയളവിനുള്ളിൽ സ്കൂളുകൾ വിദ്യാർത്ഥികളുടെ മാർക്ക് വിവരങ്ങൾ സിബിഎസ്ഇ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരിക്കൽ സമർപ്പിച്ച മാർക്കുകളിൽ പിന്നീട് മാറ്റം അനുവദിക്കില്ല.
മൂല്യനിർണ്ണയത്തിൽ പരാതിയുള്ളവർക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുന്നത് ബോർഡ് പരിഗണിക്കും. മുൻ വർഷങ്ങളിൽ കംപാർട്ട്‌മെന്റ് ലഭിച്ചവർക്കും മറ്റുമായി ജൂലൈയിൽ പരീക്ഷാ സൗകര്യം ഒരുക്കും. മൂല്യനിർണ്ണയത്തിന് അടിസ്ഥാനമായ ഉത്തരക്കടലാസുകളും മറ്റ് രേഖകളും സ്കൂളുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ഇവ പരിശോധിക്കുമെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് അറിയിച്ചു.
