പ്രതിസന്ധികളിൽ ഗൾഫ് ഭരണകൂടങ്ങൾ പ്രവാസികളെ ചേർത്തുപിടിച്ചു: എം.എ. യൂസഫലി

  1. Home
  2. Global Malayali

പ്രതിസന്ധികളിൽ ഗൾഫ് ഭരണകൂടങ്ങൾ പ്രവാസികളെ ചേർത്തുപിടിച്ചു: എം.എ. യൂസഫലി

m a yusuf ali


സാമ്പത്തിക തകർച്ച, ഗൾഫ് യുദ്ധം, കോവിഡ് മഹാമാരി തുടങ്ങിയ വലിയ പ്രതിസന്ധി ഘട്ടങ്ങളിലും സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെയാണ് ഗൾഫ് ഭരണകൂടങ്ങൾ ജനങ്ങളെ ചേർത്തുപിടിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും ഓരോ പ്രവാസിയുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗത്ത് അമേരിക്കൻ രാജ്യമായ ഗയാനയുമായി പങ്കാളിത്തത്തിന് ധാരണയായതായി യൂസഫലി അറിയിച്ചു. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുടെ ലുലു സന്ദർശനവേളയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഗയാനയിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതിയും മീറ്റ് പ്രോസസിങ് സൗകര്യങ്ങളും വിപുലീകരിക്കും. ഇതിനായി ലുലു ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫിന്റെ നേതൃത്വത്തിലുള്ള സമിതി ഉടൻ ഗയാന സന്ദർശിക്കും.

ആഗോള പ്രതിസന്ധികളിലും ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യക്ഷാമമോ വലിയ വിലക്കയറ്റമോ ഉണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് മുൻകൈയെടുത്തു. വലിയ തുക ചെലവഴിച്ച് ചാർട്ടേഡ് വിമാനങ്ങളിലാണ് സാധനങ്ങൾ എത്തിച്ചത്. ചരക്കുകൂലി വർധിച്ചെങ്കിലും ആ ഭാരം ഉപഭോക്താക്കളിലേക്ക് അടിച്ചേൽപിച്ചില്ല. ഖത്തറിൽ അഞ്ച് പുതിയ പ്രോജക്ടുകളിൽ രണ്ടെണ്ണം ഈ വർഷവും മൂന്നെണ്ണം അടുത്ത വർഷവും പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.