ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യം; സർക്കാർ ആശുപത്രികളിലാണ് സേവനങ്ങൾ സൗജന്യമായി ലഭിക്കുക

  1. Home
  2. Global Malayali

ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യം; സർക്കാർ ആശുപത്രികളിലാണ് സേവനങ്ങൾ സൗജന്യമായി ലഭിക്കുക

hayya card


ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന ഹയാ കാർഡ് ഉടമകളായ ഫുട്‌ബോൾ ആരാധകർക്ക് സർക്കാർ ആശുപത്രികളിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭിക്കും. ലോകകപ്പ് ടൂർണമെന്റിലുടനീളം ഹമദ് മെഡിക്കൽ കോർപറേഷന്റെ  കീഴിലെ ആശുപത്രികളിലാണ് ഫുട്‌ബോൾ ആരാധകർക്ക് അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നത്. അതേസമയം ലോകകപ്പ് കാണാൻ എത്തുന്ന എല്ലാവരും ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. 

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാൻ ഇൻഷുറൻസ് ഗുണകരമാകും. ലോകകപ്പുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ച സ്‌പോർട്‌സ് ഫോർ ഹെൽത്ത് എന്ന വെബ്‌സൈറ്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. 

സർക്കാർ ആശുപത്രികൾക്ക് പുറമേ രാജ്യത്തെ 14 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ക്ലിനിക്കുകളിലും ലോകകപ്പ് കാണികൾക്കു സേവനം ലഭ്യമാകും. രാജ്യത്തെ എല്ലാ സ്വകാര്യ, പൊതു ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെല്ലാം ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കും സന്ദർശകർക്കും മെഡിക്കൽ സേവനങ്ങൾ ലഭിക്കും. ടൂർണമെന്റിനിടെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും പ്രത്യേക മെഡിക്കൽ സേവനങ്ങളും ലഭ്യമാണ്.