യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. പടിഞ്ഞാറൻ ഉൾനാടൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച പരിധി കുറയാൻ ഇടയുണ്ട്. ഇന്ന് (ബുധൻ) രാവിലെ 10 വരെ ദൂരക്കാഴ്ചയെ ബാധിക്കുന്ന തരത്തിൽ മൂടൽമഞ്ഞ് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച രാവിലെ വരെ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കും. ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളിൽ പൊടിക്കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ മേഖലകളിൽ വെള്ളിയാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. ശനിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.
റോഡുകളിൽ ദൂരക്കാഴ്ച കുറയുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ അകലം പാലിച്ചും ഗതാഗത നിയമങ്ങൾ അനുസരിച്ചും മാത്രമേ യാത്ര ചെയ്യാവൂ എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ നേരിയ തോതിൽ തിരമാലകൾ ഉയർന്നേക്കാം.
