അൽ ഐനിൽ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
യുഎഇയിലെ അൽ ഐൻ മേഖലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടുത്ത പൊടിക്കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂൺ 24, 25 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വേനൽക്കാലത്ത് കിഴക്കൻ-മലയോര മേഖലകളിൽ രൂപപ്പെടുന്ന സവിശേഷമായ കാർമേഘങ്ങളുടെ ഫലമായാണ് അൽ ഐനിൽ ഈ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ മണലും പൊടിയും നിറയുന്നതിനും കാഴ്ചപരിധി പെട്ടെന്ന് കുറയുന്നതിനും കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി. വേഗത പരിധി കൃത്യമായി പാലിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി മാത്രം യാത്രകൾ ചെയ്യാനും പോലീസ് അറിയിച്ചിട്ടുണ്ട്.
