യുഎഇയിൽ കനത്ത കാറ്റും മഴയും; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ട്

  1. Home
  2. Global Malayali

യുഎഇയിൽ കനത്ത കാറ്റും മഴയും; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ട്

UAE RAIN


യുഎഇയിൽ ഇന്ന് (ബുധൻ) പുലർച്ചെ മുതൽ ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെട്ടു. ആകാശം മേഘാവൃതമായതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. തീരദേശ മേഖലകളിലും വടക്ക്, കിഴക്ക് ഭാഗങ്ങളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊടിപടലങ്ങൾ ഉയരുന്നത് കാരണം ദൂരക്കാഴ്ച 2,000 മീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. ചിലപ്പോൾ ഇത് 50 കിലോമീറ്റർ വരെ ഉയർന്നേക്കാം.

അബുദാബിയിൽ 20-25 ഡിഗ്രി സെൽഷ്യസും ദുബായിൽ 21-26 ഡിഗ്രിയും ഷാർജയിൽ 19-25 ഡിഗ്രിയും താപനില രേഖപ്പെടുത്തി. മലയോര പ്രദേശങ്ങളിൽ താപനില 8 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ഒമാൻ കടലിൽ സ്ഥിതി താരതമ്യേന ശാന്തമായിരിക്കും. വൈകിട്ട് 4.30 വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മാസ്ക് ധരിക്കാനും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാനും ആരോഗ്യവിദഗ്ധർ നിർദേശിച്ചു.