യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

  1. Home
  2. Global Malayali

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ

rain alert


യുഎഇയിൽ ഞായറാഴ്ച പെയ്തത് കനത്ത മഴ. ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും രാജ്യത്ത് അനുഭവപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അബുദാബി പൊലീസും ദുബൈ പൊലീസും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിച്ചു. ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം തുടരുന്നതിനാൽ നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ ശക്തമായേക്കാം.

തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ നേരിയതോ മിതമായതോ ആയ കടൽക്ഷോഭത്തിന് സാധ്യതയുണ്ട്. എന്നാൽ രാത്രിയോടെ ശക്തമായേക്കാം. ഒമാൻ കടൽ ദിവസം മുഴുവനും നേരിയതോ മിതമായതോ ആയി തുടരും. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.