സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി
സൗദി അറേബ്യയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് അബഹയിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് മാത്രം അബഹയിൽ നിന്നുള്ള പത്തിലേറെ സർവീസുകളാണ് മുടങ്ങിയത്. മേഖലയിലുണ്ടായ സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാന കമ്പനികൾ അടിയന്തര നടപടിയെന്ന നിലയിലാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.ഇന്ന് രാവിലെ 10:25-നും വൈകിട്ട് 4:05-നും ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്ന് അബഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായ് സർവീസുകൾ റദ്ദാക്കിയതായി എയർലൈൻ വെബ്‌സൈറ്റ് വ്യക്തമാക്കി. അബഹയിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള മടക്ക സർവീസുകളും ഇതേത്തുടർന്ന് മുടങ്ങി. ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഹൂതികൾ സനാ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച രാത്രി അബഹ വിമാനത്താവളത്തിന് നേരെയും മിസൈൽ, ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചാൽ വിമാനത്താവളങ്ങൾക്ക് നേരെ കൂടുതൽ ആക്രമണമുണ്ടാകുമെന്ന് ഹൂതി സൈനിക വക്താവ് യാഹ്യ സരീ മുന്നറിയിപ്പ് നൽകിയിരുന്നു.
