വിമാന യാത്ര മുടങ്ങിയവർക്ക്​ സഹായ ഹസ്തം നീട്ടി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​

  1. Home
  2. Global Malayali

വിമാന യാത്ര മുടങ്ങിയവർക്ക്​ സഹായ ഹസ്തം നീട്ടി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​

consulate


വ്യോമപാത അടച്ചതു മൂലം യുഎഇയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വിമാനക്കമ്പനികൾ, യുഎഇ പ്രാദേശിക അധികൃതർ, സന്നദ്ധ സംഘടനകൾ എന്നിവരുമായി ചേർന്ന് കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിവരികയാണെന്ന് കോൺസുലേറ്റ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗം സുപ്രിയ സുലെ, ദുബായിൽ കുടുങ്ങിയ പൂനെ സ്വദേശികളുടെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് കോൺസുലേറ്റിന്റെ പ്രതികരണം.

യാത്ര മുടങ്ങിയവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാൻ യുഎഇ അധികൃതരും സജീവമായി രംഗത്തുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസികൾക്ക് കർശന നിർദേശം നൽകി. യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

എംബസിയുടെയും കോൺസുലേറ്റിന്റെയും പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളിൽ കുടുങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിമാന സർവീസുകൾ റദ്ദാക്കിയതോടെ നിരവധി ഇന്ത്യക്കാരാണ് നിലവിൽ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് അടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് മാറ്റാനുള്ള സൗകര്യങ്ങൾ വിമാനക്കമ്പനികൾ ചെയ്തുവരുന്നു.