യുഎഇയിലെ പ്രവാസികൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി
യുഎഇയിലെ പ്രവാസികൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. യുഎഇയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാഗ്രത നിർദേശം. പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് എംബസി അറിയിക്കുന്നത്. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണം. സാധാരണ വിമാന സർവീസുകൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, യുഎഇ അധികൃതരുടെ അനുമതിയോടെ ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പരിമിതമായ തോതിൽ പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്താം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
യുഎഇ അധികൃതരുമായും പ്രവാസി സംഘടനകളുമായും എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട് എന്നും അബുദാബിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാഹചര്യം കാരണം വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ തുടരാനുള്ള ക്രമീകരണങ്ങൾ യുഎഇ സർക്കാർ ചെയ്തിട്ടുണ്ടെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നുണ്ട്. ഫെബ്രുവരി 28 മുതൽ വിസ കാലാവധി കഴിഞ്ഞവർക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
