ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിലെത്തി; മദീനയിൽ ഊഷ്മള വരവേൽപ്പ്

  1. Home
  2. Global Malayali

ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിലെത്തി; മദീനയിൽ ഊഷ്മള വരവേൽപ്പ്

hajj


ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി ഇന്ത്യൻ തീർഥാടകർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങി. മുംബൈയിൽ നിന്നുള്ള 402 പേരടങ്ങുന്ന ആദ്യ സംഘം ശനിയാഴ്ച മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരി എന്നിവരുടെ നേതൃത്വത്തിൽ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഹാജിമാരെ സ്വീകരിച്ചു. പരമ്പരാഗത സ്വാഗത ഗാനങ്ങൾ ആലപിച്ചും സംസം തീർഥജലവും ഈന്തപ്പഴവും നൽകിയുമാണ് തീർഥാടകരെ വരവേറ്റത്.

ആദ്യ ദിനമായ ശനിയാഴ്ച ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നായി പത്ത് വിമാനങ്ങളിലായി 3,860 തീർഥാടകരാണ് മദീനയിലെത്തിയത്. ഡൽഹിയിൽ നിന്ന് 810 പേരും കൊൽക്കത്തയിൽ നിന്ന് 700 പേരും ഗുവാഹത്തിയിൽ നിന്ന് 326 പേരും ഇതിൽ ഉൾപ്പെടുന്നു. വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരും ആദ്യദിനം എത്തിച്ചേർന്നു. എട്ട് ദിവസം മദീനയിൽ ചെലവഴിക്കുന്ന തീർഥാടകർ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിക്കും. ഹജ്ജിന് ശേഷം ജിദ്ദ വിമാനത്താവളം വഴിയാണ് ഇവരുടെ മടക്കയാത്ര.

കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഈ മാസം 30-ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ജിദ്ദ വിമാനത്താവളം വഴിയാണ് മലയാളി ഹാജിമാർ മക്കയിൽ എത്തുക. ഹാജിമാർക്കായി മക്കയിലും മദീനയിലും വിപുലമായ താമസ-യാത്രാ സൗകര്യങ്ങളാണ് ഇന്ത്യൻ ഹജ്ജ് മിഷനും സൗദി അധികൃതരും ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രത്യേക സഹായത്തിനായി വോളന്റിയർമാരെയും വിന്യസിച്ചിട്ടുണ്ട്.