ജയ്‌വൻ കാർഡുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വ്യാപകമാക്കാൻ ടൂറിസം കൗൺസിൽ
രാജ്യത്തിന്റെ സ്വന്തം ജയ്‌വൻ കാർഡുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വ്യാപകമാക്കാൻ ടൂറിസം കൗൺസിൽ. വിലക്കിഴിവ് ഉൾപ്പെടെ ഉപയോക്താക്കൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഇസാദ്, ഫസാ, സാദാ കാർഡുകളുമായി സംയോജിപ്പിച്ച് ജയ്‌വൻ കാർഡുകൾക്കു പുതിയ പാക്കേജുകളും പ്രഖ്യാപിക്കും.പ്രാദേശിക ടൂറിസ്റ്റുകളുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന രീതിയിലാവും കാർഡ്. ഇന്ത്യൻ നാഷനൽ പേയ്മെന്റ് കോർപറേഷന്റെ സഹകരണത്തോടെ യുഎഇ വികസിപ്പിച്ചെടുത്ത പേയ്മെന്റ് കാർഡ് ആണ് ജയ്‌വൻ. ഈ കാർഡിന്റെ ഉപയോഗം വ്യാപകമാക്കാൻ വിവിധ മേഖലകളുമായി സഹകരിക്കാൻ സാമ്പത്തിക, വിനോദ സഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന ടൂറിസം കൗൺസിൽ യോഗം തീരുമാനിച്ചു.
രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം ജയ്‌വൻ കാർഡുകൾ ഉപയോഗിക്കാം എന്നതാണ് പ്രധാന മാറ്റം. കാർഡ് ഉപയോഗിക്കുന്നവർക്ക് ലോയൽറ്റി പോയിന്റ്, നിശ്ചിത ശതമാനം ഇളവ്, ബണ്ടിൽ ടിക്കറ്റ് പാക്കേജ് തുടങ്ങിയവ ലഭിക്കും.
ഇസാദ്, ഫസ, സാദാ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ജയ്‌വാനുമായി സംയോജിപ്പിച്ചു വിനോദ സഞ്ചാര പാക്കേജുകളും ആനുകൂല്യങ്ങളും ലഭ്യമാക്കും. ടൂറിസം മേഖലയിൽ കൂടുതൽ പണം ചെലവഴിപ്പിക്കാനുള്ള വിവിധ മാർഗങ്ങളാണ് പരിശോധിക്കുന്നത്. ഇതിനു പുറമെ രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ‘വിസിറ്റ് യുഎഇ’യുടെ പുരോഗതിയും യോഗം വിലയിരുത്തി. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തതോടെ രാജ്യമാകെ ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള പദ്ധതികളാണ് വിസിറ്റ് യുഎഇക്കു കീഴിൽ രൂപപ്പെടുത്തുന്നത്.
