പ്രവാസി വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.എം.സി.സി; പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് വിമർശനം
പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ലെന്ന് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി. പ്രവാസികളുടെ പെൻഷൻ വിതരണം മുടങ്ങിയതിനെ ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്നും, നോർക്ക മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിലെ അമിത പ്രീമിയം വർദ്ധനവിന് അടിയന്തര പരിഹാരം കാണണമെന്നും കെ.എം.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ നിയമനമടക്കമുള്ള സുപ്രധാന പ്രവാസി വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രവാസി പെൻഷൻ മുടങ്ങിയതും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ പലമടങ്ങ് വർദ്ധിപ്പിച്ചതും. ഇൻഷുറൻസ് കമ്പനിയുടെ നഷ്ടം നികത്തേണ്ടത് പ്രവാസികളെ പിഴിഞ്ഞുകൊണ്ടാകരുതെന്ന കർശന നിലപാടിലാണ് കെ.എം.സി.സി.
പ്രവാസി പെൻഷൻ-ഇൻഷുറൻസ് പ്രീമിയം വർദ്ധനവിൽ കോൺഗ്രസിന്റെ പ്രവാസി പോഷക സംഘടനകളായ ഇൻകാസ്, ഒ.ഐ.സി.സി എന്നിവർക്കും കടുത്ത അതൃപ്തിയുണ്ട്. പാണക്കാട് കുടുംബവുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പുത്തൂർ റഹ്മാൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന അദ്ദേഹം, നാൽപ്പതിലധികം രാജ്യങ്ങളിലെ കെ.എം.സി.സി പ്രവർത്തകരുടെ വികാരവും പ്രതിഷേധവുമാണ് സർക്കാരിനെതിരെ പരസ്യമായി തുറന്നുപറഞ്ഞിരിക്കുന്നത്.
