കൊച്ചി-ദുബായ് വിമാനം തിരിച്ചിറക്കി; യാത്രക്കാരെ വീടുകളിലേക്ക് തിരിച്ചയക്കും
ഇന്ധന ടാങ്കിന് സമീപമുണ്ടായ തീപിടിത്തത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം ദുബായിൽ ഇറങ്ങാനാകാതെ തിരിച്ചുവന്നു. ഇന്ന് പുലർച്ചെ 4:30-ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട ഇ.കെ. 533 (EK 533) വിമാനമാണ് രാവിലെ 8:30-ഓടെ കൊച്ചിയിൽ തന്നെ തിരിച്ചിറക്കിയത്. യാത്രക്കാരെ താൽക്കാലികമായി വീടുകളിലേക്ക് തിരിച്ചയക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഡ്രോൺ പതിച്ചതിനെത്തുടർന്നാണ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് സമീപം തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന സർവീസുകൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. മുൻകൂട്ടി അറിയിപ്പില്ലാതെ വിമാനത്താവളം അടച്ചത് നൂറുകണക്കിന് യാത്രക്കാരെയാണ് വലച്ചത്.
വിമാന സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വിമാനത്താവളം എന്ന് തുറക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
