താളംതെറ്റി കുവൈത്ത്, ബഹ്റൈൻ വിമാനസർവീസുകൾ
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി ∙കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കു കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടുദിവസം സർവീസുകൾ ഉണ്ടാകില്ല. ഖത്തർ എയർവേയ്സ് കോഴിക്കോട്ടുനിന്നുള്ള കുവൈത്ത്, ബഹ്റൈൻ കണക്‌ഷൻ സർവീസുകൾ ഈ മാസം 19 വരെ നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു ദിവസം കൂടി സർവീസ് മുടങ്ങുമെന്നാണു സൂചന.കൊച്ചിയിൽ നിന്നു രാത്രി 10നു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം റദ്ദാക്കി. ഇൻഡിഗോയും ഗൾഫ് എയറും രാവിലെ ബഹ്റൈൻ സർവീസുകൾ നടത്തി. ഇന്നലെ കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള കുവൈത്ത് എയർവേയ്സ് വിമാനവും പതിവു പോലെ സർവീസ് നടത്തി. എന്നാൽ, രാവിലെ 5.10ന് ദോഹയിൽ നിന്ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി. തിരുവനന്തപുരത്തു നിന്നു കുവൈത്തിലേക്കുള്ള സർവീസ് റദ്ദാക്കിയിട്ടില്ല.
കുവൈത്ത് സർവീസ് 24 വരെ റദ്ദാക്കി യുഎഇ
അബുദാബി∙യുഎഇയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 24 വരെ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ്,എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയാണ് സർവീസ് റദ്ദാക്കിയത്.
