കുവൈത്ത് മൻഗഫ് തീപിടിത്തം: പ്രതികളുടെ തടവ് ശിക്ഷ സ്റ്റേ ചെയ്തു, പിഴ അടയ്ക്കാൻ ഉത്തരവ്
ലോകത്തെ നടുക്കിയ മൻഗഫ് തീപിടിത്ത കേസിൽ പ്രതികളായ സ്വദേശി പൗരനും നിരവധി പ്രവാസികൾക്കും കാസേഷൻ കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം. പ്രതികളുടെ തടവ് ശിക്ഷ അപ്പീൽ പരിഗണിക്കുന്നതുവരെ സ്റ്റേ ചെയ്ത കോടതി, പകരം 5,000 കുവൈത്ത് ദിനാർ വീതം പിഴ അടയ്ക്കാൻ ഉത്തരവിട്ടു.
അൽ ബദാ കമ്പനി ഡയറക്ടർ മുഹമ്മദ് നാസർ അൽബദാഹിന് മുൻപ് കോടതി വിധിച്ച ഒരു വർഷത്തെ കഠിനതടവ് ശിക്ഷയും കാസേഷൻ കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകൻ സുൽത്താൻ ഹമദ് അൽഅജ്മി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി. നിയമത്തിന്റെ തെറ്റായ പ്രയോഗവും കുറ്റാരോപണത്തിലെ പിശകുകളും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരുന്നത്.
2024 ജൂണിലുണ്ടായ ദാരുണമായ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും നാല് ഫിലിപ്പീൻ സ്വദേശികളുമടക്കം 49 പേരാണ് മരിച്ചത്. തൊഴിലാളികളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. കേസിൽ അപ്പീൽ കോടതിയിൽ തുടരുന്ന നിയമനടപടികൾ പ്രവാസികളടക്കമുള്ള ഇരകളുടെ കുടുംബങ്ങൾ ഉറ്റുനോക്കുകയാണ്.
