ലാസ് വെഗാസിലെ ആഗോള വിസ്മയം 'സ്ഫിയർ' ഇനി അബുദാബിയുടെ മണ്ണിൽ

  1. Home
  2. Global Malayali

ലാസ് വെഗാസിലെ ആഗോള വിസ്മയം 'സ്ഫിയർ' ഇനി അബുദാബിയുടെ മണ്ണിൽ

s


ലാസ് വെഗാസിലെ ആഗോള വിസ്മയം 'സ്ഫിയർ' ഇനി അബുദാബിയുടെ മണ്ണിൽ. അമേരിക്കയ്ക്കു പുറത്തെ ലോകത്തെ ആദ്യ സ്ഫിയർ വേദിയായി അബുദാബിയെ തിരഞ്ഞെടുത്തു. യാസ് ഐലൻഡിലെ യാസ് മാളിനും സീവേൾഡിനും ഇടയിലാണ് 1.7 ബില്യൻ ഡോളർ (16,262 കോടി രൂപ) ചെലവിലാണ് മഹാത്ഭുതം ഉയരുന്നത്. 2029 അവസാനത്തോടെ നിർമാണം പൂർത്തിയാകും.

അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പും (ഡിസിടി) സ്ഫിയർ എന്റർടെയ്ൻമെന്റ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സായിദ് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് മിനിറ്റുകൾ മാത്രം ദൂരമുള്ള സ്ഫിയർ, ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീ സമയത്ത് ലോകത്തിന് മുന്നിൽ അബുദാബിയുടെ പ്രൗഢി വിളിച്ചോതുന്ന മനോഹരമായ പശ്ചാത്തലമായി മാറും.

∙ അറബ് സംസ്കാരത്തിന്റെ ആഗോള വേദി
വെറുമൊരു വിനോദകേന്ദ്രം എന്നതിലുപരി ഇമാറാത്തി സംസ്കാരത്തെയും കഥകളെയും ലോകത്തിനു പരിചയപ്പെടുത്തുന്ന വേദിയായി സ്ഫിയർ മാറും. സ്ഫിയറിന്റെ പുറംഭാഗത്തെ കൂറ്റൻ എൽഇഡി സ്ക്രീനായ എക്സോസ്ഫിയറിൽ ഇമാറാത്തി കലാകാരന്മാരുടെ സൃഷ്ടികൾ തെളിയും.

സംഗീത കച്ചേരി ഉൾപ്പെടെ ലോകോത്തര വിനോദങ്ങൾക്കു പുറമെ ആഗോള ശ്രദ്ധയാകർഷിക്കുന്ന ഉൽപന്ന ലോഞ്ചുകൾക്കും സ്പോർട്സ് മത്സരങ്ങൾക്കും 20,000 പേർക്ക് ഇരിക്കാവുന്ന വേദി സാക്ഷ്യം വഹിക്കും. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അബുദാബി മൊബിലിറ്റി, ഡിപാർട്ട്മെന്റ് ഓഫ് എനർജി, താഖ, ഇത്തിഹാദ് റെയിൽ, അൽദാർ തുടങ്ങിയ പ്രമുഖ ഏജൻസികൾ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.