കിഴക്കൻ മേഖലയിൽ ന്യൂനമർദം; യുഎഇയിൽ ചൂട് 45 ഡിഗ്രിയിലേക്ക്

  1. Home
  2. Global Malayali

കിഴക്കൻ മേഖലയിൽ ന്യൂനമർദം; യുഎഇയിൽ ചൂട് 45 ഡിഗ്രിയിലേക്ക്

Summer Solstice


 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കടുത്ത ചൂടിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാനും വരുംദിവസങ്ങളിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്ആഭ്യന്തര മേഖലകളിൽ പരമാവധി താപനില 41 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരദേശങ്ങളിലും ദ്വീപുകളിലും 39 മുതൽ 44 ഡിഗ്രി വരെയും മലയോര മേഖലകളിൽ 30 മുതൽ 36 ഡിഗ്രി വരെയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ആർദ്രത 85 ശതമാനം വരെ ഉയർന്നേക്കും.

മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന തെക്കുകിഴക്കൻ, വടക്കുകിഴക്കൻ കാറ്റ് ചില സമയങ്ങളിൽ 35 കിലോമീറ്റർ വരെ ശക്തമായേക്കാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽക്ഷോഭം ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ മിതമായ തിരമാലകൾക്ക് സാധ്യതയുണ്ട്.

വാരമധ്യത്തോടെ ആർദ്രത വർധിക്കുമെന്നാണ് റിപോർട്ട്. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായി തീരദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. തുടർന്ന് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായി ആഭ്യന്തര മേഖലകളിലും തീരദേശങ്ങളിലും കടുത്ത മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.