ഗൾഫിലേക്കുള്ള ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിൽ ഇന്ത്യ നിർണ്ണായക പങ്ക് തുടരുന്നു. നിലവിലെ അസ്ഥിരമായ ആഗോള സാഹചര്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിശദീകരിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച.
ഗൾഫ് മേഖലയിൽ വലിയ തോതിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കും സ്വദേശികൾക്കും അത്യാവശ്യമായ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്. വിതരണ ശൃംഖലയുടെ തുടർച്ച നിലനിർത്തുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും യോഗം ഊന്നൽ നൽകി. ജി.സി.സി രാജ്യങ്ങളിലായി 280-ലധികം ഹൈപ്പർമാർക്കറ്റുകൾ നടത്തുന്ന ലുലു ഗ്രൂപ്പ്, മേഖലയിലെ ഭക്ഷ്യവിതരണത്തിൽ മുഖ്യ പങ്കുവഹിക്കുന്ന സ്ഥാപനമാണ്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ, കാർഗോ കപ്പലുകൾ എന്നിവ വഴി ഇതുവരെ 15,000 ടൺ ഭക്ഷ്യവസ്തുക്കളാണ് ലുലു ഗൾഫിൽ എത്തിച്ചത്. ഇതിനോടകം 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ കൂടുതൽ സർവീസുകൾ തുടരും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ലുലുവിനുള്ള എക്‌സ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ വഴിയാണ് ഈ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്.
ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിലൂടെ ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വരും ആഴ്ചകളിലും ചരക്ക് നീക്കം ശക്തമായി തുടരാനുള്ള പദ്ധതികൾ യൂസഫലി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഇത്തരം ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി സുഗമമാക്കാൻ ഭാരത സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
English Slug: LuLu Group Chairman Yusuffali M.A. briefs PM Narendra Modi on food supply initiatives to GCC countries.
