കുവൈത്തിൽ വീസ നിമയമത്തിൽ വൻ മാറ്റങ്ങൾ
അടിയന്തര സാഹചര്യങ്ങളെത്തുടർന്ന് പ്രാബല്യത്തിലാക്കിയ ഇളവുകൾ അവസാനിപ്പിച്ച് സന്ദർശക വീസകൾക്കും വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകൾക്കും നൽകിയിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം കുവൈത്ത് അവസാനിപ്പിക്കുന്നു. മുൻപുണ്ടായിരുന്ന നിയമപരമായ കാലാവധിയും ചട്ടങ്ങളും സെപ്റ്റംബർ ഒന്നുമുതൽ പുനഃസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.∙ പ്രധാന മാറ്റങ്ങൾ
സന്ദർശക വീസ: നിലവിൽ രാജ്യത്തുള്ളവർക്ക് വിവിധതരം സന്ദർശക വീസകളിൽ നൽകിവന്നിരുന്ന ഓട്ടോമാറ്റിക് കാലാവധി നീട്ടൽ ആനുകൂല്യം അവസാനിപ്പിക്കും. എൻട്രി വീസകൾക്കുള്ള നിയമപരമായ കാലാവധിയും നടപടിക്രമങ്ങളും വ്യവസ്ഥകളും പഴയപടി നടപ്പിലാക്കും.
അവധി പെർമിറ്റ്: വിദേശത്തുള്ള താമസക്കാരുടെ അവധി പെർമിറ്റുകൾക്ക് മുൻപുണ്ടായിരുന്ന നിയമപരമായ സമയപരിധി പ്രാബല്യത്തിൽ വരും. എന്നാൽ ഈ മാസം 31-നോ അതിനുമുമ്പോ രാജ്യം വിട്ട താമസക്കാർക്ക് നിലവിലുള്ള നിയമാവലി അനുസരിച്ചുള്ള അധിക ആനുകൂല്യ സമയം ലഭിക്കും.
റസിഡൻസി പെർമിറ്റ്: 'സഹൽ' ആപ്ലിക്കേഷൻ വഴി നൽകുന്ന റസിഡൻസി പെർമിറ്റ് സർട്ടിഫിക്കറ്റായിരിക്കും അവധി പെർമിറ്റുകളുടെ അവസാന തീയതി നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക രേഖ. രാജ്യത്തേക്ക് തിരികെ എത്തുമ്പോൾ താമസക്കാർ നിർദിഷ്ട സമയപരിധി കൃത്യമായി പാലിക്കേണ്ടതുണ്ട്.
