ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ

  1. Home
  2. Global Malayali

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ

Dubai airport


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധികൾക്ക് ശേഷം വ്യോമഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണം.വിമാനത്താവളത്തിനുള്ളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാരണം ചില ഭാഗങ്ങളിൽ ശബ്ദമുണ്ടായേക്കാമെന്നും ദുബായ് എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ ഉറപ്പുനൽകി. ഏറ്റവും കൂടുതൽ തിരക്കേറിയ സമയത്ത് ടെർമിനൽ 1-ലേക്ക് പ്രവേശിക്കുന്ന പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ദുബായ് എയർപോർട്ട് രണ്ടുദിവസം മുൻപ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ ഈ പാലത്തിന്റെ ശേഷി 20 ശതമാനം വർദ്ധിച്ചു. വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ദുബായ് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

തിരക്ക് കുറഞ്ഞ രാത്രി സമയങ്ങളിൽ റോഡുകൾ താൽക്കാലികമായി അടച്ചിട്ടും വലിയ സ്റ്റീൽ സ്പാനുകൾ സ്ഥാപിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ടെർമിനൽ 1-ലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളിലൊന്ന് മൂന്ന് വരികളിൽ നിന്നും നാല് വരികളാക്കി ഉയർത്തിയിട്ടുണ്ട്. ഇത് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് വിമാനങ്ങൾ, എയർ ക്രൂ എന്നിവയുടെ സുരക്ഷ മുൻനിർത്തി ഫെബ്രുവരി 28-നാണ് യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചത്. തുടർന്ന് മെയ് 2-ഓടെ വ്യോമപാതയിലെ എല്ലാ താല്ക്കാലിക നിയന്ത്രണങ്ങളും യുഎഇ പൂർണ്ണമായി നീക്കിയിരുന്നു.