മലയാള സാഹിത്യകാരൻ പാറപ്പുറത്തിന്റെ മകൻ വർഗീസ് മാത്യു ദുബായിൽ അന്തരിച്ചു
പ്രമുഖ മലയാള സാഹിത്യകാരൻ പരേതനായ പാറപ്പുറത്ത് എന്ന ആലപ്പുഴ മാവേലിക്കര കിഴക്കെ പൈനുംമൂട് ഈശോ മത്തായിയുടെ മകൻ വർഗീസ് മാത്യു (സുനിൽ പാറപ്പുറത്ത്- 68) ദുബായിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെെ തുടർന്ന് ദുബായ് റാഷിദിയ്യ ആശുപത്രിയി ഇന്ന് പുലർ്ച്ചെ മൂന്നരയോടെയായിരുന്നു മരണം. നേരത്തെ ഹൃദയാഘാതമുണ്ടായി ആൻജിയോ പ്ലാസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 25 വർഷത്തോളമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായിൽ പ്രിന്റിങ് പ്രസ് നടത്തിവരികയാണ്. കഥകളും എഴുതുമായിരുന്നു. അമ്മിണിയാണ് മാതാവ്. ഭാര്യ : ചെങ്ങന്നൂർ ആറാട്ടുപുഴ കരിയത്ത് ആനി വർഗീസ് (മേഴ്‌സി ). മക്കൾ :ദീപു വർഗീസ്, ഡോൺ വർഗീസ്. മരുമക്കൾ :റോസിൻ, രേഷ്മ. എല്ലാവരും ദുബായിലാണ് താമസം. റാഷിദിയ്യ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്കരിക്കുമെന്ന് ദീപു വർഗീസ് മനോരമ ഒാൺലൈനിനോട് പറഞ്ഞു.
മലയാള സാഹിത്യത്തിൽ 1950 മുതൽ മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന എഴുത്തുകാരനായിരുന്നു പാറപ്പുറത്ത്. 20 നോവലുകളും 14 ചെറുകഥാ സമാഹാരങ്ങളും 15 തിരക്കഥകളും എഴുതിയിട്ടുള്ള അദ്ദേഹത്തിന് മികച്ച കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡും കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.
