ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളി; ബിനോയ് ജോർജിനെ നിയമിച്ചു

  1. Home
  2. Global Malayali

ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളി; ബിനോയ് ജോർജിനെ നിയമിച്ചു

binoy george


തെക്കൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിലെ പുതിയ ഇന്ത്യൻ അംബാസഡറായി മലയാളിയും പ്രമുഖ നയതന്ത്രജ്ഞനുമായ ബിനോയ് ജോർജിനെ നിയമിച്ചു. തിരുവല്ല സ്വദേശിയായ അദ്ദേഹം നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, പാസ്‌പോർട്ട്, വിസ വിഭാഗം ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

2006 ബാച്ച് ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥനായ ബിനോയ് ജോർജ്, മുൻപ് ബംഗ്ലാദേശിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിലെ കോൺസുൽ ജനറലായും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല എം.ജി.എം ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്.ബി കോളേജ്, കേരള കാർഷിക സർവ്വകലാശാല എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം, ഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) നിന്ന് അദ്ദേഹം ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ആർ.ഡി.ഒ ആയി വിരമിച്ച പി.ഡി. ജോർജിന്റെയും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയായിരുന്ന മറിയാമ്മ ചാക്കോയുടെയും മകനാണ്. ദീപാ ജോർജാണ് ഭാര്യ.

നഗ്മ മല്ലിക്ക് (ജപ്പാൻ), ശംഭു എസ്. കുമാരൻ (ഓസ്ട്രിയ), രോഹിത് രതീഷ് (സെയ്ഷെൽസ്), വിനോദ് കെ. ജേക്കബ് (ബഹ്റൈൻ), വിധു പി. നായർ (അംഗോള) തുടങ്ങിയ പ്രമുഖ മലയാളി നയതന്ത്രജ്ഞരുടെ നിരയിലേക്കാണ് ഇപ്പോൾ ബിനോയ് ജോർജും എത്തിച്ചേരുന്നത്. അദ്ദേഹം ഉടൻ തന്നെ ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലെത്തി ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.