ഒമാനിൽ മാമ്പഴക്കാലത്തിന് തുടക്കം;വിപണിയിൽ പച്ചമാങ്ങ സുലഭം

  1. Home
  2. Global Malayali

ഒമാനിൽ മാമ്പഴക്കാലത്തിന് തുടക്കം;വിപണിയിൽ പച്ചമാങ്ങ സുലഭം

s


വേനൽച്ചൂടിന് കാഠിന്യമേറുന്നതിനൊപ്പം ഒമാനിൽ മാമ്പഴ സീസണും സജീവമാകുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തദ്ദേശീയ മാമ്പഴങ്ങൾ വിപണികളിൽ എത്തിത്തുടങ്ങി. നിലവിൽ വിപണികളിൽ പച്ചമാങ്ങകൾക്കാണ് ഏറെ പ്രിയം. ഉപ്പിലിട്ടതും അച്ചാറുകൾ ഉണ്ടാക്കാൻ ഉത്തമവുമായ ചെറിയ നാടൻ മാങ്ങകൾ മുതൽ കറികൾക്കായി ഉപയോഗിക്കുന്ന വലിയ ഇനങ്ങൾ വരെ ഇപ്പോൾ ലഭ്യമാണ്.

ഒമാനിലെ പ്രധാന കാർഷിക മേഖലകളായ ഖുറിയാത്തിലെ ഹെയിൽ അൽ ഗാഫ്, ബർക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് മസ്കത്തിലെയും മറ്റും പ്രധാന മാർക്കറ്റുകളിലേക്ക് മാങ്ങകൾ പ്രധാനമായും എത്തുന്നത്.

ഏപ്രിൽ ആദ്യ വാരം മുതൽ ആരംഭിച്ച സീസൺ ആഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും. സീസണിന്റെ തുടക്കമായതിനാൽ പ്രാദേശിക വിപണികളിൽ മാങ്ങക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിളവെടുപ്പ് നടക്കുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സീസൺ പുരോഗമിക്കുന്നതോടെ നാടൻ ഇനങ്ങൾക്കൊപ്പം വിദേശങ്ങളിൽ നിന്നുള്ള പ്രിയപ്പെട്ട മാമ്പഴങ്ങളും വിപണിയിൽ കൂടുതൽ സജീവമാകും. വൈകുന്നേരങ്ങളിൽ പ്രാദേശിക വിപണികളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും പച്ചമാങ്ങകൾ വാങ്ങാൻ എത്തുന്ന സ്വദേശികളുടെയും പ്രവാസികളുടെയും തിരക്ക് കണ്ടുതുടങ്ങിയിട്ടുണ്ട്. വടക്കൻ ബാത്തിന മേഖലയിലും നിറയെ മാങ്ങകൾ കായ്ച്ചിട്ടുണ്ട്.

സഹം, സുഹാർ, ഷിനാസ്, ലിവാ, ഖബൂറ, സുവൈഖ് തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ മാമ്പഴങ്ങൾ പാകമയി തുടങ്ങുകയും നാട്ടുചന്തകളിൽ ആദ്യ വിളവുകൾ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. മാമ്പഴ സീസണും ചക്കകാലവും മലയാളികൾക്ക് ഓർമ്മകൾ അയവിറക്കാനുള്ള കാലങ്ങൾ കൂടിയാണ്.