പെരുന്നാളിന് മുന്നോടിയായി വിപണികൾ സുസജ്ജമെന്ന് യുഎഇ മന്ത്രാലയം
പെരുന്നാൾ(ഈദുൽ ഫിത്ർ) ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ യുഎഇയിലെ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കിയതായി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് കാർഷിക, മൃഗസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വേഗത്തിലാക്കാൻ വിപുലമായ പദ്ധതിയാണ് മന്ത്രാലയം ആവിഷ്‌കരിച്ചിരിക്കുന്നത്.∙ പരിശോധനകൾ ഊർജിതം; തടസ്സമില്ലാത്ത വിതരണം
പഴങ്ങൾ, പച്ചക്കറികൾ, മാംസം തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ അതിർത്തികളിലെ എൻട്രി പോയിന്റുകളിൽ പരിശോധനകൾ കർശനമാക്കി. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വേഗത്തിൽ ക്ലിയറൻസ് നൽകി വിപണിയിൽ എത്തിക്കുന്നതിനായി കൂടുതൽ വിദഗ്ധരെയും സാങ്കേതിക സൗകര്യങ്ങളും വിന്യസിച്ചിട്ടുണ്ട്. റമസാൻ അവസാനിച്ച് പെരുന്നാളടുക്കുമ്പോൾ വിപണിയിൽ സാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് മന്ത്രാലയം ഉറപ്പുനൽകുന്നു.
∙ കന്നുകാലി ഇറക്കുമതിയിൽ വൻ വർധന
ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 18 വരെയുള്ള കാലയളവിൽ 4,41,574 കന്നുകാലികളെയാണ് വിവിധ എൻട്രി പോയിന്റുകൾ വഴി രാജ്യത്ത് എത്തിച്ചത്. ആടുമാടുകൾ, ഒട്ടകം എന്നിവയുൾപ്പെടെ 1,454 കന്നുകാലി കൺസൈൻമെന്റുകളാണ് മന്ത്രാലയം പരിശോധന പൂർത്തിയാക്കി വിപണിയിലേക്ക് വിട്ടത്. ഇത് പ്രാദേശിക വിപണിയിലെ ആവശ്യം നിറവേറ്റാൻ പര്യാപ്തമാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു.
∙ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
തിരക്ക് പരിഗണിച്ച് ക്ലിയറൻസ് വേഗത്തിലാക്കുമ്പോഴും ഭക്ഷണത്തിന്റെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് റീജനൽ സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മർവാൻ അൽ സാബി പറഞ്ഞു. ഓരോ ഷിപ്‌മെന്റിലെയും സാംപിളുകൾ അത്യാധുനിക ലാബുകളിൽ പരിശോധിച്ച് ഉറപ്പുവരുത്തും. ഗുണനിലവാരമില്ലാത്തതോ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ ഉൽപന്നങ്ങൾ ഉടനടി തിരിച്ചയക്കും.
