യു.എ.ഇയിൽ ഉച്ചസമയത്തെ ജോലി വിലക്ക് ജൂൺ 15 മുതൽ; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ
യു.എ.ഇയിൽ തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുമുള്ള പുറംവേലകൾക്ക് വിലക്കേർപ്പെടുത്തുന്ന വാർഷിക ഉച്ചസമയ വിശ്രമ നിയമം ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെയുള്ള ഈ വിലക്ക് സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും.
തുടർച്ചയായ 22-ാം വർഷത്തിലേക്കാണ് ഈ നിയമം ഇപ്പോൾ കടക്കുന്നത്. വേനൽക്കാലത്ത് തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുമുള്ള യു.എ.ഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിയമപ്രകാരം, വിലക്കുള്ള സമയത്ത് തൊഴിലാളികൾക്കായി തണലുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇതിനൊപ്പം ഫാനുകൾ പോലുള്ള കൂളിംഗ് സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, ശരീരത്തിലെ ലവണാംശം നിലനിർത്താനുള്ള പാനീയങ്ങൾ എന്നിവയും നൽകേണ്ടതുണ്ട്.
അതേസമയം, സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ സാധിക്കാത്ത ചില ജോലികളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിലക്ക് സമയത്തിന് ശേഷത്തേക്ക് മാറ്റിവെക്കാൻ കഴിയാത്ത റോഡ് ടാറിങ് (Asphalt paving), കൺക്രീറ്റ് വാർക്കൽ എന്നിവയും; ജലം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികളും ഇതിൽ ഉൾപ്പെടുന്നു. പൊതുജീവിതത്തെയും ജനങ്ങളുടെ സുഗമമായ സഞ്ചാരത്തെയും ബാധിക്കുന്നതിനാൽ, പ്രത്യേക സർക്കാർ സംവിധാനങ്ങളുടെ അനുമതിയോടെ ചെയ്യുന്ന ജോലികൾക്കും ഈ വിലക്കിൽ നിന്ന് ഇളവുണ്ടായിരിക്കും.
